മസ്കത്ത് – ഒമാനിൽ തുടരുന്ന ശക്തമായ മഴയിലും പ്രളയത്തിലും മൂന്ന് പേർ മരണപ്പെട്ടു. കനത്ത മഴയെത്തുടർന്ന് താഴ്വരകൾ (വാദി) കരകവിഞ്ഞൊഴുകിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ദുരന്തബാധിത മേഖലകളിൽ നിന്ന് നാൽപ്പതിലധികം പേരെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ വാദി അൽ മആവിലിലുണ്ടായ അപകടത്തിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കുത്തിയൊലിച്ചുവന്ന വെള്ളപ്പാച്ചിലിൽ മൂന്ന് വാഹനങ്ങൾ അകപ്പെടുകയായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്ന ഒരാളെ രക്ഷിക്കാൻ സാധിച്ചെങ്കിലും മറ്റ് മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. കനത്ത മഴയിൽ ഒമാനിലെങ്ങും റോഡുകൾ തടസ്സപ്പെടുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ എമർജൻസി റെസ്പോൺസ് ടീമുകളെ ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിന്യസിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങിയ യാത്രക്കാരെയും താമസക്കാരെയും രക്ഷപ്പെടുത്തുന്നതിനാണ് സംഘം മുൻഗണന നൽകുന്നത്. മസ്കത്ത്, അൽ ബത്തീന തീരദേശ മേഖലകളിൽ റോഡുകൾ തകരുകയും ഗതാഗതം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. അപകടസാധ്യതയുള്ള താഴ്വരകൾ മുറിച്ചുകടക്കരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളിലും രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അൽ ബുറൈമി, അൽ ദാഹിറ, മസ്കത്ത്, അൽ ശർഖിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വരും മണിക്കൂറുകളിലും മഴ തുടർന്നേക്കാം. സുരക്ഷ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.



