ജിദ്ദ: ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി വിദേശ മന്ത്രാലയം 68.8 ലക്ഷത്തിലേറെ വിസകള്‍ അനുവദിച്ചതായി കണക്ക്. വിസകള്‍ അനുവദിക്കുന്നതിലും പ്രോസസ്സ് ചെയ്യുന്നതിലും വിദേശ മന്ത്രാലയം ഉയര്‍ന്ന പ്രകടനം രേഖപ്പെടുത്തി. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ആകെ 68,83,006 വിസകളാണ് മന്ത്രാലയം അനുവദിച്ചത്. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, രാജ്യത്തേക്കുള്ള വധിച്ചുവരുന്ന യാത്ര, കോണ്‍സുലാര്‍ സേവനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ വിജയം, വിനോദ, ടൂറിസം മേഖലാ നിക്ഷേപത്തിലെ തുടര്‍ച്ചയായ വളര്‍ച്ച എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു. മൊത്തം വിസകളില്‍ പകുതിയിലധികവും ഇലക്ട്രോണിക് വിസ ഇളവുകളാണ്. രണ്ടാം പാദത്തില്‍ 34,52,057 ഇ-വിസകള്‍ (50.15 ശതമാനം) അനുവദിച്ചു. ഇത് ഡിജിറ്റല്‍ പരിഹാരങ്ങളുടെ വികാസത്തിനും സന്ദര്‍ശകരുടെ പ്രവേശന നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും അടിവരയിടുന്നു. രണ്ടാം സ്ഥാനത്ത് ഹജ് വിസകളാണ്. 14,34,817 ഹജ് വിസകള്‍ മന്ത്രാലയം അനുവദിച്ചു. മൂന്നു മാസത്തിനിടെ അനുവദിച്ച വിസകളില്‍ 20.85 ശതമാനം ഹജ് വിസകളാണ്. മൂന്നാം സ്ഥാനത്ത് ഉംറ വിസകളാണ്. രണ്ടാം പാദത്തില്‍ 7,20,275 ഉംറ വിസകള്‍ അനുവദിച്ചു. ആകെ വിസകളില്‍ 10.46 ശതമാനം ഉംറ വിസകളാണ്. തീര്‍ഥാടകരെ ഉയര്‍ന്ന കാര്യക്ഷമതയോടെ സേവിക്കാനുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
തൊഴില്‍ വിസകളാണ് നാലാം സ്ഥാനത്ത്. രണ്ടാം പാദത്തില്‍ 4,96,230 തൊഴില്‍ വിസകള്‍ അനുവദിച്ചു. ആകെ വിസകളില്‍ 7.21 ശതമാനം തൊഴില്‍ വിസകളാണ്. അഞ്ചാം സ്ഥാനത്ത് ടൂറിസ്റ്റ് വിസകളാണ്. മൂന്നു മാസത്തിനിടെ 4,49,535 ടൂറിസ്റ്റ് വിസകള്‍ (6.53 ശതമാനം) അനുവദിച്ചു. പ്രധാന പദ്ധതികളുടെയും അന്താരാഷ്ട്ര പരിപാടികളുടെയും പിന്തുണയോടെ, ടൂറിസ്റ്റ്, നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ആകര്‍ഷണീയതയെ ഇത് പ്രതിഫലിപ്പിക്കുന്നു. കുടുംബ സന്ദര്‍ശന (ഫാമിലി വിസിറ്റ്) വിസകളാണ് ആറാം സ്ഥാനത്ത്. ഇക്കാലയളവില്‍ 1,42,688 ഫാമിലി വിസിറ്റ് വിസകള്‍ (2.07 ശതമാനം) അനുവദിച്ചു. ഏഴാം സ്ഥാനത്ത് ട്രാന്‍സിറ്റ് വിസകളാണ്. ആകെ 49,354 ട്രാന്‍സിറ്റ് വിസകള്‍ (0.72 ശതമാനം) അനുവദിച്ചു. എട്ടാമത് താമസ വിസകളാണ്. ഈ ഗണത്തില്‍ പെട്ട 46,120 വിസകള്‍ (0.67 ശതമാനം) മൂന്നു മാസത്തിനിടെ അനുവദിച്ചു. ഒമ്പതാം സ്ഥാനത്ത്, ബിസിനസ് സന്ദര്‍ശന വിസകളാണ്. രണ്ടാം പാദത്തില്‍ 33,961 ബിസിനസ് വിസിറ്റ് വിസകള്‍ (0.49 ശതമാനം) അനുവദിച്ചു. പത്താം സ്ഥാനത്ത് ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസകളാണ്. ഈ വിഭാഗത്തില്‍ പെട്ട 31,680 വിസകള്‍ (0.46 ശതമാനം) രണ്ടാം പാദത്തില്‍ അനുവദിച്ചു.
സുരക്ഷാ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി രാജ്യത്തേക്ക് സന്ദര്‍ശകരുടെ പ്രവേശനം ക്രമീകരിക്കല്‍, ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുകയും കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുകയും ചെയ്യല്‍, അന്താരാഷ്ട്ര ടൂറിസത്തെ പിന്തുണക്കല്‍, വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കല്‍, നിക്ഷേപകരുടെയും ബിസിനസുകാരുടെയും പ്രവേശനം സുഗമമാക്കല്‍, സാമ്പത്തിക പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തല്‍, യോഗ്യരായ പ്രതിഭകളെയും തൊഴിലാളികളെയും പ്രാദേശിക തൊഴില്‍ വിപണിയിലേക്ക് ആകര്‍ഷിക്കല്‍, നയതന്ത്ര ബന്ധങ്ങളും അന്താരാഷ്ട്ര സഹകരണവും മെച്ചപ്പെടുത്തല്‍, കുടുംബ സന്ദര്‍ശനം, വിദ്യാഭ്യാസം, മെഡിക്കല്‍, മാനുഷിക സന്ദര്‍ശനങ്ങള്‍ സാധ്യമാക്കല്‍ എന്നീ പ്രധാനപ്പെട്ട ലക്ഷ്യങ്ങളോടെയാണ് വിസകള്‍ അനുവദിക്കുന്നത്.
വിസ വിതരണത്തിന്റെ വിപുലീകരണം ദേശീയ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ടൂറിസം മേഖലയില്‍ ധനവിനിയോഗം വര്‍ധിപ്പിക്കാനും വ്യോമയാനം, ഗതാഗതം, താമസം, റീട്ടെയില്‍ മേഖലകളെ പിന്തുണക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുന്നു. ആഗോള മത, വിനോദസഞ്ചാര, നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഇത് വര്‍ധിപ്പിക്കുന്നു. സുരക്ഷയുടെയും ഓര്‍ഗനൈസേഷന്റെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതിനൊപ്പം നടപടിക്രമങ്ങളുടെ സമയം കുറക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഇലക്ട്രോണിക് സേവനങ്ങള്‍ സഹായിക്കുന്നു.
ഹജ് ഉംറ തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, രോഗികള്‍, നയതന്ത്രജ്ഞര്‍, പ്രവാസികളുടെ കുടുംബങ്ങള്‍, ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ എന്നിവര്‍ അടക്കം വിവിധ വിഭാഗങ്ങള്‍ക്ക് ഈ വിസകള്‍ പ്രയോജനം ചെയ്യുന്നു. ഇത് കോണ്‍സുലാര്‍ സേവനങ്ങളുടെ സമഗ്രതയെയും രാജ്യത്തിന്റെ വികസനത്തെ പിന്തുണക്കുന്നതില്‍ അവയുടെ പങ്കിനെയും പ്രതിഫലിപ്പിക്കുന്നു.







