മസ്കത്ത്: മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിലെ നിര്‍ണായക മേഖലയായ ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ച് ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ഇന്ന് (തിങ്കളാഴ്ച) നടക്കേണ്ടിയിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി ഒമാന്‍ അറിയിച്ചു. സലാലയില്‍ ഒമാന്റെ ആതിഥേയത്വത്തില്‍ നടക്കാനിരുന്ന യോഗം മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് വ്യക്തമാക്കിയത്.
ആഗോള എണ്ണ-വാതക വിതരണത്തില്‍ അത്യന്താപേക്ഷിതമായ ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം നിശ്ചയിച്ചിരുന്നത്. ഇറാഖും മറ്റ് ഗള്‍ഫ് രാജ്യങ്ങളും പങ്കാളികളാകുമെന്ന് ഇറാന് വിദേശ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഏതെല്ലാം രാജ്യങ്ങളാണ് പങ്കെടുക്കുകയെന്ന് വ്യക്തമാക്കിയിരുന്നില്ല. ബഹ്റൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കുകയും മറ്റ് പ്രാദേശിക രാജ്യങ്ങളൊന്നും പങ്കാളിത്തം സ്ഥിരീകരിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗം മാറ്റിവെച്ചത്. സൃഷ്ടിപരമായ ചര്‍ച്ചകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനാണ് യോഗം നീട്ടിവെച്ചതെന്നും മേഖലയിലെ സ്ഥിരതയ്ക്കും ശാശ്വത സഹകരണത്തിനും ഉതകുന്ന ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബൂസഈദി എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനെ തുടർന്ന് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ആദ്യം ഇറാനും പിന്നീട് അമേരിക്കയും ഉപരോധം ഏർപ്പെടുത്തി. ജൂണില്‍ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ കരാറും ഹോര്‍മുസ് വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പരാജയപ്പെട്ടു. കൂടാതെ, യെമനിലെ ഹൂത്തികള്‍ നടത്തുന്ന ശക്തമായ ആക്രമണങ്ങളിലൂടെ മറ്റൊരു പ്രധാന ജലപാതയായ ബാബ് അല്‍മന്ദബ് കടലിടുക്കിലും ഇറാന് അനുകൂല വിഭാഗത്തിന് മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം സംബന്ധിച്ച് ഒമാനും ഇറാനും തമ്മില്‍ ആഴ്ചകളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുന്‍പ് തടസ്സരഹിതമായിരുന്ന കപ്പല്‍ ഗതാഗതത്തിന് നിലവില്‍ ഇറാന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുകയും സേവന ഫീസ് ഈടാക്കാൻ ആലോചിക്കുകയും ചെയ്യുന്നുണ്ട്. നിബന്ധനകള്‍ പാലിക്കാത്ത കപ്പലുകള്‍ക്ക് നേരെ ഇറാന് ആക്രമണം നടത്തുന്നുണ്ടെങ്കിലും കടലിടുക്കിലെ ഇറാന്റെ നിയന്ത്രണത്തെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്കയും ഇറാന്റെ തീരപ്രദേശങ്ങളില്‍ ബോംബാക്രമണം തുടരുന്നു.
മിഡില്‍ ഈസ്റ്റ് യുദ്ധം ആറുമാസം പിന്നിടുമ്പോഴും ഹോര്‍മുസ് ഉപരോധം കാരണം ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ആഴ്ച എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നിരുന്നു.







