ജിദ്ദ: സാമൂഹിക മാധ്യമങ്ങളിലൂടെ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനും ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് അവയുടെ ആധികാരികത ഉറപ്പുവരുത്താനും സ്വദേശികളോടും പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി പ്രസ് ഏജൻസി (SPA), ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ എന്നിവയിലൂടെ മാത്രമാണ് വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും പൊതുജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ ബോധവൽക്കരണം.
വ്യക്തമായ ഉറവിടമില്ലാത്ത വാർത്തകളും വീഡിയോകളും കണ്ട് ജനങ്ങൾ വഴിതെറ്റരുതെന്നും, ഏതൊരു വിവരവും പങ്കുവെക്കുന്നതിന് മുൻപ് പരിശോധിച്ചുറപ്പിക്കുന്നത് സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ആവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വ്യവസ്ഥകൾ ലംഘിച്ച് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.







