ദുബൈ – കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ടൂറിസം മേഖല റെക്കോര്‍ഡ് നേട്ടം രേഖപ്പെടുത്തി. 2025 ല്‍ രണ്ടു കോടിയോളം വിദേശ ടൂറിസ്റ്റുകള്‍ ദുബൈ സന്ദര്‍ശിച്ചു. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം അഞ്ചു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദുബൈ ടൂറിസം മേഖല റെക്കോര്‍ഡ് പ്രകടനം കാഴ്ചവെക്കുന്നതെന്ന് ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.
ലോകത്തിലെ മുന്‍നിര ടൂറിസം കേന്ദ്രങ്ങളിലൊന്നായ ദുബൈയിയുടെ തുടര്‍ച്ചയായ വീണ്ടെടുക്കലിനും വളര്‍ച്ചക്കും ഈ കണക്കുകള്‍ അടിവരയിടുന്നു. ശരാശരി ഹോട്ടല്‍ താമസ നിരക്ക് 80.7 ശതമാനത്തിലെത്തി. ഇത് വര്‍ഷം മുഴുവനും നിലനിന്ന ശക്തമായ ഡിമാന്‍ഡ് പ്രതിഫലിപ്പിക്കുന്നു. 2024 ല്‍ ഹോട്ടല്‍ താമസ നിരക്ക് 78.2 ശതമാനമായിരുന്നു. ടൂറിസ്റ്റുകള്‍ ഹോട്ടല്‍ മുറികളില്‍ തങ്ങിയ ആകെ രാത്രികളുടെ എണ്ണം നാലു ശതമാനം വര്‍ധിച്ച് 4.485 കോടിയായി. ദുബൈയില്‍ 827 ഹോട്ടലുകളിലായി 1,54,264 മുറികളുണ്ട്.
ഡിസംബറില്‍ ടൂറിസ്റ്റുകളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. ആദ്യമായാണ് ഒരു മാസത്തിനിടെ ദുബൈയില്‍ ടൂറിസ്റ്റുകളുടെ എണ്ണം 20 ലക്ഷം കവിയുന്നത്. ഡിസംബറില്‍ 20.4 ലക്ഷം സന്ദര്‍ശകരെ ദുബൈ സ്വാഗതം ചെയ്തു. 2024 ഡിസംബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഡിസംബറില്‍ വിനോദസഞ്ചാരികളുടെ എണ്ണം ആറു ശതമാനം തോതില്‍ വര്‍ധിച്ചു.
ഈ പ്രകടനം എമിറേറ്റിന്റെ ദീര്‍ഘകാല ദര്‍ശനത്തെയും പൊതു-സ്വകാര്യ മേഖലകളുടെ ഏകോപിത ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നതായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ദുബൈ ടൂറിസം മേഖല റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചു. 2025 ല്‍ ദുബായ് 19.59 ദശലക്ഷം അന്താരാഷ്ട്ര രാത്രികാല സന്ദര്‍ശകരെ സ്വാഗതം ചെയ്തു. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായി. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് ശരാശരി ഹോട്ടല്‍ താമസ നിരക്ക് 80 ശതമാനം കവിഞ്ഞു – ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. ഈ ശക്തമായ ചലനാത്മകത വര്‍ഷം മുഴുവനും ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ലോകത്തിലെ മികച്ച മൂന്നു ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി സ്ഥാനം പിടിക്കുക എന്ന ദുബൈ സാമ്പത്തിക അജണ്ട ഡി-33 ന്റെ ലക്ഷ്യത്തെ പിന്തുണക്കുകയും ചെയ്യുന്നു. ലോകത്തിന്റെ കവലയില്‍, ദുബൈ അതിന്റെ അതുല്യമായ ഓഫറുകള്‍ അനുഭവിക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് തുടരുന്നു – ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലയില്‍ ദുബൈയിയുടെ ഏറ്റവും വലിയ ഉറവിട വിപണിയായി പടിഞ്ഞാറന്‍ യൂറോപ്പ് തുടര്‍ന്നു. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 41 ലക്ഷം സന്ദര്‍ശകര്‍ ദുബൈയിലെത്തി. ആകെ ടൂറിസ്റ്റുകളില്‍ 21 ശതമാനം പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നായിരുന്നു. 2024 ല്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നുള്ള 37.4 ലക്ഷം പേരാണ് ദുബായ് സന്ദര്‍ശിച്ചത്.
കോമ്മണ്‍വെല്‍ത്ത് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്, കിഴക്കന്‍ യൂറോപ്പില്‍ നിന്ന് 28.9 ലക്ഷം ടൂറിസ്റ്റുകളും (15 ശതമാനം) ദക്ഷിണേഷ്യയില്‍ നിന്ന് 28.9 ലക്ഷം ടൂറിസ്റ്റുകളും (15 ശതമാനം) ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 29.9 ലക്ഷം ടൂറിസ്റ്റുകളും (15 ശതമാനം) ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെയുള്ള മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്ക രാജ്യങ്ങളില്‍ നിന്ന് 21.7 ലക്ഷം സന്ദര്‍ശകരും (11 ശതമാനം) വടക്ക് കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് 18.5 ലക്ഷം വിനോദസഞ്ചാരികളും (9 ശതമാനം) ഉത്തര, ലാറ്റിന്‍ അമേരിക്കകളില്‍ നിന്ന് 14 ലക്ഷം സന്ദര്‍ശകരും (7 ശതമാനം) ആഫ്രിക്കയില്‍ നിന്ന് 8,97,000 ടൂറിസ്റ്റുകളും (5 ശതമാനം) ഓസ്‌ട്രേലിയയില്‍ നിന്ന് 4,01,000 ടൂറിസ്റ്റുകളും (2 ശതമാനം) ദുബൈയിലെത്തി.
ദുബൈയില്‍ ഹോട്ടല്‍ മേഖല 2025 ല്‍ വികസിച്ചുകൊണ്ടിരുന്നു. 2024 നെ അപേക്ഷിച്ച് ശരാശരി ദൈനംദിന മുറി നിരക്കുകള്‍ 8 ശതമാനം വര്‍ധിച്ച് 579 ദിര്‍ഹമായി ഉയര്‍ന്നു. അതേസമയം ലഭ്യമായ മുറികളില്‍ നിന്നുള്ള വരുമാനം 11 ശതമാനം വര്‍ധിച്ച് 467 ദിര്‍ഹമായി. അതിഥികള്‍ ശരാശരി 3.7 രാത്രികള്‍ താമസിച്ചു. ഇത് വിനോദം, ബിസിനസ്സ്, ഇവന്റ് അധിഷ്ഠിത യാത്ര എന്നിവയിലെ സ്ഥിരമായ ആവശ്യം എടുത്തുകാണിക്കുന്നു.
സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ ടൂറിസം ഇപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, ജി.ഡി.പി വളര്‍ച്ച, വിദേശ നിക്ഷേപം, ആഗോള പ്രതിഭകളെ ആകര്‍ഷിക്കല്‍ എന്നിവയെ പിന്തുണക്കുന്നുണ്ടെന്നും ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍മരി പറഞ്ഞു. തന്ത്രപരമായ പങ്കാളിത്തങ്ങള്‍, ആഗോള മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍, പ്രധാന ഇവന്റുകള്‍, അടിസ്ഥാന സൗകര്യങ്ങളിലും സന്ദര്‍ശക അനുഭവങ്ങളിലും തുടര്‍ച്ചയായ നിക്ഷേപം എന്നിവയാണ് ദുബായിയുടെ വളര്‍ച്ചയെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സന്ദര്‍ശക വളര്‍ച്ചയെ പിന്തുണച്ച് 2025 ല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനം ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലനിര്‍ത്തി. പ്രധാന ഫെസ്റ്റിവലുകള്‍, പ്രദര്‍ശനങ്ങള്‍, കായിക പരിപാടികള്‍ എന്നിവ വര്‍ഷം മുഴുവനും ദുബൈ എയര്‍പോര്‍ട്ടില്‍ ഡിമാന്റ് നിലനിര്‍ത്താന്‍ സഹായിച്ചു. 2025 ലെ മികച്ച പ്രകടനം 2026 ലെ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു. ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണക്കാനായി ശേഷി, ഡിജിറ്റല്‍ നവീകരണം, സുസ്ഥിര ടൂറിസം സംരംഭങ്ങള്‍ എന്നിവയില്‍ ദുബൈ നിക്ഷേപം നടത്തുന്നത് തുടരുകയാണ്.



