വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് സൂചന നല്‍കിയെങ്കിലും വെടിനിര്‍ത്തല്‍ നീട്ടുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഒരു വശത്ത് ഇറാനും മറുവശത്ത് യു.എസും ഇസ്രായിലും തമ്മില്‍ പാകിസ്ഥാന്‍ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നീട്ടലിനെ പരാമര്‍ശിച്ച് അത് ആവശ്യമായി വരുമെന്ന് കരുതുന്നില്ല എന്ന് ട്രംപ് പറഞ്ഞു. അമേരിക്ക തീവ്രവാദികളെ ഇല്ലാതാക്കിയതിനാല്‍ ഇറാനിലെ ഭരണകൂടം ഇപ്പോള്‍ വ്യത്യസ്തമാണ്. അടുത്ത രണ്ട് ദിവസങ്ങള്‍ വളരെ സംഭവബഹുലമായിരിക്കും എന്നും കൂടുതല്‍ വിശദീകരിക്കാതെ അദ്ദേഹം പ്രസ്താവിച്ചു.
ഒരു കരാറിലെത്തുന്നത് ഇറാനികള്‍ക്ക് നല്ലതാണെന്ന് താന്‍ വിശ്വസിക്കുന്നു. കാരണം അത് സ്വന്തം രാജ്യം പുനര്‍നിര്‍മ്മിക്കാന്‍ അവരെ പ്രാപ്തരാക്കും. യുദ്ധം ഏത് വിധേനയും അവസാനിച്ചേക്കും. ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയെ നാറ്റോ പിന്തുണച്ചിട്ടില്ല. ഭാവിയില്‍ അങ്ങിനെ ചെയ്യില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ നടക്കുമെന്ന് യു.എസ് പ്രസിഡന്റ് ഇന്നലെ സൂചിപ്പിച്ചു. എന്നാല്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് യു.എസ്, ഇറാന്‍ ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞു. പുതിയ റൗണ്ട് ചര്‍ച്ചയില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവര്‍ യു.എസ് പ്രതിനിധി സംഘത്തെ നയിക്കുമെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ഇസ്ലാമാബാദില്‍ നടന്ന യു.എസും ഇറാനും തമ്മിലുള്ള ആദ്യ ഘട്ട നേരിട്ടുള്ള ചര്‍ച്ചകളില്‍ യുറേനിയം സമ്പുഷ്ടീകരണം, പ്രോക്‌സികള്‍ക്കുള്ള പിന്തുണ, ഇറാന്റെ മിസൈല്‍ പദ്ധതി എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ധാരണയില്‍ എത്തിയിരുന്നില്ല.



