റിയാദ്– ബഹ്റൈന് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അട്ടിമറിക്കാനുള്ള ഇറാന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വഞ്ചനാപരമായ ആക്രമണങ്ങളെന്നും, ഇവ തടയാൻ യു.എൻ രക്ഷാസമിതി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഹ്റൈന് ജി.സി.സിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് സെക്രട്ടറി ജനറൽ പ്രസ്താവനയിൽ ആവർത്തിച്ചു. ബഹ്റൈന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ജി.സി.സിയിലെ മുഴുവൻ അംഗരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് നേരെയുള്ള കടന്നുകയറ്റമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ഇറാനിലെ മിസൈൽ കേന്ദ്രം തകർത്ത് യു.എസ് സൈന്യം
ആക്രമണങ്ങൾ തടഞ്ഞതായി ബഹ്റൈൻ ബഹ്റൈനിലെ ശൈഖ് ഈസ എയർ ബേസിലുള്ള യു.എസ് റഡാർ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചതിന് പിന്നാലെയാണ് ജി.സി.സിയുടെ പ്രതികരണം. ഇറാൻ വ്യോമാതിർത്തിയിലേക്ക് യു.എസ് ഡ്രോണുകൾ കടന്നുകയറിയതിനുള്ള തിരിച്ചടിയാണിതെന്നാണ് റെവല്യൂഷണറി ഗാർഡിന്റെ അവകാശവാദം. എന്നാൽ, ഡ്രോൺ ആക്രമണം വിജയകരമായി തടഞ്ഞതായും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ബഹ്റൈൻ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബഹ്റൈന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഞായറാഴ്ച പുലർച്ചെ ബഹ്റൈനിലെ റിഫ എയർ ബേസിലുള്ള റഡാർ കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ സമാനമായ രീതിയിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഇറാനെ അപലപിക്കുകയും ബഹ്റൈന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.



