മക്ക– വിശുദ്ധ ഹറമിനോട് ചേർന്നുള്ള മക്ക ക്ലോക്ക് ടവറിന് രണ്ട് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡുകൾ കൂടി ലഭിച്ചു. ടവർ സമുച്ചയത്തിലെ മ്യൂസിയവും ഔട്ട്ഡോർ നിരീക്ഷണ ഡെക്കുമാണ് ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. മക്ക റോയൽ കമ്മീഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
426.9 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവർ മ്യൂസിയം ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മ്യൂസിയം’ എന്ന റെക്കോർഡാണ് കരസ്ഥമാക്കിയത്. ഇതിന് പുറമെ, 560.9 മീറ്റർ ഉയരത്തിലുള്ള ഔട്ട്ഡോർ നിരീക്ഷണ ഡെക്കും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ടവർ സമുച്ചയത്തിലെ ‘സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ക്രസന്റ് ഒബ്സർവേഷൻ’ ഭാഗമാണ് ഈ രണ്ട് നേട്ടങ്ങൾക്കും അർഹമായത്.
ശാസ്ത്രീയവും വാസ്തുവിദ്യാപരവുമായ മികവ് ഈ അംഗീകാരം സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ക്രസന്റ് ഒബ്സർവേഷന്റെ വാസ്തുവിദ്യാപരവും ശാസ്ത്രീയവുമായ മികവിനെയാണ് എടുത്തുകാണിക്കുന്നത്. ജ്യോതിശാസ്ത്രം, പ്രപഞ്ചശാസ്ത്രം, ചന്ദ്രക്കല നിരീക്ഷണ സാങ്കേതികവിദ്യ എന്നിവയെ സമയസൂചന സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പ്രധാന വൈജ്ഞാനിക കേന്ദ്രമാണ് മക്ക ക്ലോക്ക് ടവർ.
ജ്യോതിശാസ്ത്രത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും പരിണാമത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ഇവിടം സന്ദർശകർക്ക് അവസരമൊരുക്കുന്നു. ഇതിനൊപ്പം, വിശുദ്ധ ഹറമിന്റെയും മക്ക നഗരത്തിന്റെയും വിശാലമായ കാഴ്ച ആസ്വദിക്കാൻ ഔട്ട്ഡോർ നിരീക്ഷണ ഡെക്ക് സൗകര്യമൊരുക്കുന്നതോടെ വിനോദസഞ്ചാരപരവും വൈജ്ഞാനികവുമായ സവിശേഷ അനുഭവമാണ് സന്ദർശകർക്ക് ലഭിക്കുന്നത്.



