കുവൈത്ത് സിറ്റി– സർക്കാർ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ഡീസൽ അനധികൃതമായി സംഭരിക്കുകയും വിൽപന നടത്തുകയും ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലായി നാല് ഇന്ത്യക്കാർക്ക് കുവൈത്ത് കോടതികൾ തടവ് ശിക്ഷ വിധിച്ചു.
അംഗറ മേഖലയിൽ അനധികൃതമായി ഡീസൽ വിൽപന നടത്തിയ കേസിൽ മൂന്ന് ഇന്ത്യക്കാരെ മിസ്ഡിമെനർ കോടതി രണ്ട് വർഷം വീതം തടവിന് ശിക്ഷിച്ചു. നിയമലംഘകരെ പിടികൂടാനായി സുരക്ഷാ വകുപ്പുകൾ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്. സബ്സിഡി ഡീസൽ അനധികൃതമായി കൈവശം വെച്ച് മറിച്ചുവിൽക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് അധികൃതർ നിയമനടപടികൾ സ്വീകരിച്ചത്.
ഫാം കേന്ദ്രീകരിച്ചുള്ള തട്ടിപ്പിൽ കുവൈത്തി പൗരനും ശിക്ഷ ഫാം കേന്ദ്രീകരിച്ച് അനധികൃതമായി ഡീസൽ സംഭരിച്ച് വിൽപന നടത്തിയ മറ്റൊരു കേസിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ച് പേരെയാണ് ക്രിമിനൽ കോടതി ശിക്ഷിച്ചത്. കേസിലെ മുഖ്യപ്രതിയായ കുവൈത്തി പൗരന് മൂന്ന് വർഷം തടവും 10,000 കുവൈത്തി ദീനാർ പിഴയുമാണ് കോടതി വിധിച്ചത്.
ഇതേ കേസിൽ ഉൾപ്പെട്ട ഒരു ഇന്ത്യക്കാരൻ, ഒരു പാകിസ്ഥാൻ പൗരൻ, പൗരത്വമില്ലാത്ത ബിദൂൻ വിഭാഗത്തിൽപ്പെട്ട രണ്ട് പേർ എന്നിവർക്ക് ഒരു വർഷം വീതം തടവും 300 കുവൈത്തി ദീനാർ വീതം പിഴയും കോടതി ചുമത്തി.
കസ്റ്റംസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി പ്രതികൾക്ക് കസ്റ്റംസ് ഡിക്ലറേഷൻ നടപടികൾ എളുപ്പമാക്കി നൽകിയെന്ന ആരോപണം നേരിട്ട കസ്റ്റംസ് ഉദ്യോഗസ്ഥനെയും മറ്റ് ചില പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി.
അനധികൃത ഡീസൽ സംഭരണം വഴിയുണ്ടായ പരിസ്ഥിതി നിയമലംഘനങ്ങൾ എൻവയൺമെന്റ് പബ്ലിക് അതോറിറ്റി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാൻ കുവൈത്തി പൗരനോട് കോടതി ഉത്തരവിട്ടു. ഇതിൽ വീഴ്ച വരുത്തിയാൽ പ്രതിയുടെ ചെലവിൽ അതോറിറ്റി തന്നെ ഇവ നീക്കം ചെയ്യുമെന്നും കോടതി വ്യക്തമാക്കി.



