കുവൈത്ത് സിറ്റി– ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമാക്കി കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം. ബഹ്‌റൈനിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ ഖെഷം ദ്വീപിലുള്ള റെവല്യൂഷണറി ഗാർഡ് മിസൈൽ കേന്ദ്രത്തിന് നേരെ യു.എസ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.
കുവൈത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി കുവൈത്ത് സൈന്യം അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളെ തകർക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിൽ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതെന്നും, ഡ്രോണുകളുടെ ഉത്ഭവം വ്യക്തമാക്കിയിട്ടില്ലെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർമി ജനറൽ സ്റ്റാഫ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഖെഷം ദ്വീപിൽ യു.എസ് പ്രത്യാക്രമണം ബഹ്‌റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ഖെഷം ദ്വീപിലെ മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് നേരെ അമേരിക്കൻ യുദ്ധവിമാനങ്ങൾ കൃത്യതയാർന്ന ആക്രമണം നടത്തിയത്. യു.എസ് ഉദ്യോഗസ്ഥരെയും സൈനിക ആസ്തികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കുള്ള സ്വയം പ്രതിരോധമാണിതെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മേഖലയിലെ അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാൻ യു.എസ് സെൻട്രൽ കമാൻഡ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖെഷം ദ്വീപിലെ നരിമാൻ പ്രദേശത്തെ വ്യോമ പ്രതിരോധ മിസൈൽ ലോഞ്ചർ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പ്രൊജക്ടൈലുകൾ ദ്വീപിൽ പതിച്ചതായി തസ്‌നീം ന്യൂസ് ഏജൻസി അറിയിച്ചു. സൈനിക കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വ്യക്തമല്ലെങ്കിലും ജനവാസ കേന്ദ്രങ്ങൾക്കോ വാണിജ്യ മേഖലകൾക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥൻ അഹ്‌മദ് നഫീസി പറഞ്ഞു.
ബഹ്‌റൈനിലും ഹോർമുസ് കടലിടുക്കിലും സംഘർഷം യു.എസ് സൈനിക ഡ്രോണുകൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിന് മറുപടിയായി ബഹ്‌റൈനിലെ ഈസ വ്യോമതാവളത്തിലുള്ള യു.എസ് റഡാർ സംവിധാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റെവല്യൂഷണറി ഗാർഡ് അറിയിച്ചിരുന്നു. എന്നാൽ ഇറാന്റെ ഡ്രോണുകളെ തടഞ്ഞതായും ഉദ്യോഗസ്ഥർക്ക് പരിക്കുകളോ ഉപകരണങ്ങൾക്ക് നാശനഷ്ടങ്ങളോ ഇല്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അതിനിടെ, തദ്ദേശീയമായി വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് അമേരിക്കയുടെ ‘ലൂകാസ്’ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇക്കാര്യത്തിൽ യു.എസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ആക്രമണ, പ്രത്യാക്രമണങ്ങൾ കനത്ത തിരിച്ചടിയായിട്ടുണ്ട്.



