അബുദാബി– പ്രാദേശിക തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ റിയാദ്, ദമാം, അബഹ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി യു.എ.ഇ വിമാന കമ്പനികൾ നീട്ടി. ഇത്തിഹാദ് എയർവേയ്സ്, ഫ്ലൈ ദുബായ് എന്നീ കമ്പനികളാണ് സർവീസുകളിലെ നിയന്ത്രണങ്ങൾ നീട്ടിയതായി അറിയിച്ചത്.
അബുദാബിയിൽ നിന്ന് റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ യാത്രാ, ചരക്ക് വിമാന സർവീസുകളും നവംബർ 30 തിങ്കളാഴ്ച വരെ റദ്ദാക്കിയതായി ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി. എന്നാൽ അബുദാബിക്കും സൗദിയിലെ മറ്റ് നഗരങ്ങൾക്കും ഇടയിലുള്ള വിമാന സർവീസുകൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരും. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ സമയക്രമത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്സൈറ്റ് വഴി സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണം. യാത്ര പുനഃക്രമീകരിക്കുന്നതിന് ഇത്തിഹാദിന്റെ ‘കോൺടാക്ട് അസ്’ പേജിലെ പ്രാദേശിക ഫോൺ നമ്പറുകൾ, ലൈവ് ചാറ്റ്, സോഷ്യൽ മീഡിയ പിന്തുണ എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും സർവീസുകൾ തടസ്സപ്പെട്ടതിൽ ഖേദിക്കുന്നതായും എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.
ഫ്ലൈ ദുബായ് സർവീസുകൾ നവംബർ 27 വരെ റദ്ദാക്കി റിയാദ്, അബഹ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് നവംബർ 27 വരെ നീട്ടിയതായി ഫ്ലൈ ദുബായ് അറിയിച്ചു. അതേസമയം, ദമാമിലേക്കുള്ള സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സൗദിയിലേക്കുള്ള സർവീസുകളിൽ ഇനിയും തടസ്സങ്ങൾ ഉണ്ടായേക്കാമെന്നും ഫ്ലൈ ദുബായ് വക്താവ് വ്യക്തമാക്കി. സമയക്രമത്തിൽ മാറ്റങ്ങളുണ്ടായാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കും. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി യാത്രക്കാർ തങ്ങളുടെ ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ കോൺടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എയർലൈൻ നിർദ്ദേശിച്ചു.



