അമ്മാൻ– ദേശീയ സുരക്ഷാ കാരണങ്ങളാൽ പ്രമുഖ മെസ്സേജിംഗ് പ്ലാറ്റ്ഫോമായ ടെലിഗ്രാമിന് നിരോധനമേർപ്പെടുത്താൻ ജോർദാനും ഇറാഖും തീരുമാനിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയുന്നതിലും തീവ്രവാദ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് ഇരുരാജ്യങ്ങളുടെയും നടപടി.
തീവ്രവാദവും മൗലികവാദവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ തടയുകയാണ് വിലക്കിന്റെ പ്രധാന ലക്ഷ്യമെന്ന് ജോർദാനിലെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വ്യക്തമാക്കി. തെക്കൻ ജോർദാനിലെ ക്രിസ്ത്യൻ ചർച്ചിന് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് മൂന്നാഴ്ചയ്ക്ക് ശേഷവും, തലസ്ഥാനത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കുത്തേറ്റ് കൊല്ലപ്പെട്ട് രണ്ടാഴ്ച തികയുന്നതിന് തൊട്ടുമുമ്പുമാണ് ഈ സുപ്രധാന ഉത്തരവ് പുറത്തുവരുന്നത്. സൈബർ കുറ്റകൃത്യങ്ങൾ, ഭീഷണികൾ, ബ്ലാക്ക്മെയിലിംഗ്, നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണം എന്നിവയ്ക്ക് വഴിയൊരുക്കുന്ന ഉപയോഗങ്ങളെ പ്രതിരോധിച്ച് സമൂഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
ഇറാഖിന്റെ 30 ദിവസത്തെ അന്ത്യശാസനം നിയമവിരുദ്ധവും അസ്വീകാര്യവുമായ ഉള്ളടക്കങ്ങൾ തടയുന്നതിൽ ടെലിഗ്രാം വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ലെന്ന് ബാഗ്ദാദിലെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസ് അതോറിറ്റി കുറ്റപ്പെടുത്തി. പ്ലാറ്റ്ഫോമിലെ നിയമലംഘനങ്ങൾ തടയാനും ഉള്ളടക്കങ്ങൾ അവലോകനം ചെയ്യാനും കമ്പനിയെ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇറാഖി നിയമങ്ങൾ പാലിക്കാൻ ടെലിഗ്രാം തയ്യാറായില്ലെന്നും അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി കമ്പനിക്ക് 30 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. വാർത്തകളും ഫയലുകളും കൈമാറാൻ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന ടെലിഗ്രാം ഉൾപ്പെടെയുള്ള ആപ്പുകൾ, ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും പ്രചരിപ്പിക്കാനും തീവ്രവാദികൾ ഉപയോഗിച്ചുവരുന്നതായി സുരക്ഷാ ഏജൻസികൾ നേരത്തെ വിലയിരുത്തിയിരുന്നു.



