കുവൈത്ത് സിറ്റി – തായ്‌ലന്‍ഡില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം കടത്തിയ കേസില്‍ ഇന്ത്യൻ പ്രവാസിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. തായ്‌ലന്‍ഡില്‍ നിന്ന് 10 കിലോഗ്രാം മരിജുവാന കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസിനു കീഴിലെ എയര്‍ കാര്‍ഗോ കസ്റ്റംസ് വിഫലമാക്കുകയായിരുന്നു. തായ്ലന്‍ഡില്‍ നിന്ന് എത്തിയ ചരക്ക് ലോഡില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചരക്ക് ലോഡില്‍ മേശയും ലൈറ്റുകളുമാണെന്ന് ഷിപ്പിംഗ് രേഖകള്‍ സൂചിപ്പിച്ചു.
ചരക്ക് ലോഡില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് സമഗ്രമായ കസ്റ്റംസ് പരിശോധനാ നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡെക്കറേഷന്‍ ലൈറ്റുകള്‍ അടങ്ങിയ കാര്‍ട്ടനുകള്‍ അടങ്ങിയ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കണ്ടെത്താതിരിക്കാനും കസ്റ്റംസ് നടപടിക്രമങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചും മയക്കുമരുന്ന് കാര്‍ട്ടനുള്‍ക്കടിയില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു.
മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ ശേഷം, മയക്കുമരുന്ന്, മദ്യ വിരുദ്ധ വിഭാഗവുമായി സഹകരിച്ച്, മയക്കുമരുന്ന് ഒളിപ്പിച്ച ചരക്ക് ലോഡ് സ്വീകരിച്ചയുടനെ ഇന്ത്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി തൊണ്ടിസഹിതം പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കുവൈത്ത് കസ്റ്റംസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




