വാഷിംഗ്ടൺ: യെമനിലെ ഹൂത്തി ഭീകരരുടെ ആക്രമണം കടുക്കുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യു.എസ് എംബസി ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടും രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു. സൗദിയിലെ യു.എസ് എംബസിയിലെ മുഴുവൻ ജീവനക്കാരോടും കുടുംബങ്ങളോടും ഉടൻ മടങ്ങാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ യു.എ.ഇ, ജോർദാൻ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ യു.എസ് എംബസി ജീവനക്കാരുടെ കുടുംബങ്ങളോടും തിരികെ പോകാൻ നിർദേശിച്ചതായി നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഇറാന്റെ നിയമവിരുദ്ധ കപ്പൽ ഗതാഗത പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്നാരോപിച്ച് പനാമ, ഗ്രീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ലീഗൽ ഫേമായ ‘കർണാക്കിസ് ആൻഡ് കർണാക്കിസ്’ (Karnakis & Karnakis), വിവിധ ഷിപ്പിംഗ് ഏജന്റുകൾ, കപ്പലുകൾ എന്നിവർക്കെതിരെ യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ സൈനിക, ആയുധ, ആണവ പദ്ധതികൾക്കായി തുക കണ്ടെത്തുന്നതിന് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരോക്ഷമായി സഹായിച്ചതായി ട്രഷറി വകുപ്പ് എക്സിലൂടെ അറിയിച്ചു.
‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ (Operation Economic Outcast) എന്ന നടപടിയുടെ ഭാഗമായാണ് ഈ ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ അവശേഷിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ കൂടി പൂർണ്ണമായി വിച്ഛേദിക്കുന്നതിനായി യൂറോപ്പിലെയും ലോകമെമ്പാടുമുള്ള പങ്കാളി രാജ്യങ്ങളുമായി ചേർന്ന് ഏകോപിത നീക്കങ്ങൾ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.



