റിയാദ്– സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും റിയാദില്‍ ഉന്നതതല ചര്‍ച്ച നടത്തി. റിയാദിലെ അല്‍യെമാമ കൊട്ടാരത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും, പൊതു താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുമുള്ള സാധ്യതകള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
മേഖലാ, അന്തര്‍ദേശീയ തലത്തിലെ പ്രധാന സംഭവവികാസങ്ങള്‍ യോഗത്തില്‍ വിശദമായി അവലോകനം ചെയ്തു. പശ്ചിമേഷ്യയിലെയും ആഗോളതലത്തിലെയും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി സംയുക്ത ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
HRH the Crown Prince, French President Discuss Strategic Ties, Regional Developments in Riyadh Meeting. https://t.co/zkoABwQ9wc #SPAGOV
— SPAENG (@Spa_Eng) October 21, 2026
സൗദി ഊര്‍ജ്ജ, വ്യവസായ, ധാതുവിഭവ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന്, റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് രാജകുമാരന്, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാഅദ് അല്‍ഈബാന്‍, വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് ബിന്‍ അലി അല്‍ഹുമൈദാന്‍, പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അല്‍ബയാരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സൗദി അറേബ്യയിലെത്തിയത്.



