ന്യൂയോര്‍ക്ക് – സൗദി അറേബ്യയിലെ സാധാരണക്കാരുടെ വാസസ്ഥലങ്ങളെയും ഊര്‍ജ മേഖലാ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ളവ ഉള്‍പ്പെടെ, ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങളെ യു.എന്‍ രക്ഷാ സമിതി അപലപിച്ചു. സൈനിക നടപടികള്‍ ശക്തമാക്കുന്നത് ഹൂത്തികള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് രക്ഷാ സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചെങ്കടലിലും ബാബ് അല്‍മന്ദബ് കടലിടുക്കിലും കപ്പല്‍ ഗതാഗതത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെയും ഭീഷണികളെയും രക്ഷാ സമിതി വീണ്ടും അപലപിച്ചു.
സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രക്ഷാ സമിതി, അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധത്തിനുള്ള രാജ്യത്തിന്റെ അവകാശത്തെ അംഗീകരിക്കുകയും ചെയ്തു. യെമന്റെ ഐക്യം, പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയും രക്ഷാ സമിതി ആവര്‍ത്തിച്ച് വ്യക്തമാക്കി.
അതേസയമം, മേഖലയിലെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ജലപാതകള്‍ സംരക്ഷിക്കാനായി രൂപീകരിച്ച 14 രാജ്യങ്ങളുടെ സഖ്യമായ ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം തങ്ങളുടെ പ്രാഥമിക പ്രവര്‍ത്തന ശേഷി കൈവരിച്ചതായി സഖ്യത്തിന്റെ കമാന്‍ഡറായ റിയര്‍ അഡ്മിറല്‍ അബ്ദുല്ല ബിന്‍ സാലിം അല്‍ശഹ്‌രി അറിയിച്ചു. വെള്ളിയാഴ്ച ജിദ്ദയില്‍ നടന്ന സഖ്യത്തിന്റെ നാലാമത്തെ ആസൂത്രണ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ജലപാതകള്‍ സംരക്ഷിക്കുക എന്നത് ആഗോള ഉത്തരവാദിത്തമാണെന്ന് പറഞ്ഞ അല്‍ശഹ്‌രി, സമുദ്ര സുരക്ഷക്ക് ഭീഷണിയാകുന്ന നീക്കങ്ങളെ തടയുമെന്ന് മുന്നറിയിപ്പ് നല്‍കി. ജൂലൈയില്‍ രൂപീകൃതമായ ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം, ഏദന്‍ ഉള്‍ക്കടല്‍, ബാബ് അല്‍മന്ദബ് കടലിടുക്ക്, ചെങ്കടല്‍ എന്നിവയുള്‍പ്പെടെ അറേബ്യന്‍ ഉപദ്വീപിന് ചുറ്റുമുള്ള ജലപാതകള്‍ അന്താരാഷ്ട്ര ഗതാഗതത്തിനായി തുറന്നിടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.







