വാഷിംഗ്ടണ്‍ – ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നതായും പക്ഷേ വളരെ വൈകിയെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അവര്‍ക്ക് അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വ്യോമസേന, നാവികസേന എന്നിവയും നേതാക്കളെയും നഷ്ടപ്പെട്ടു. തുടര്‍ന്ന് അവര്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിച്ചു. എന്നാൽ വളരെ വൈകിയെന്നും ട്രൂത്ത് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു. ആക്രമണങ്ങളുടെ വലിയ തരംഗം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞും ആവശ്യമെങ്കില്‍ കരസേനയെ അയക്കുമെന്ന് സൂചന നല്‍കിയും ട്രംപ് ഇന്നലെ തന്റെ ശൈലി രൂക്ഷമാക്കി.
അമേരിക്ക ഇറാനെ വളരെ ശക്തമായി പ്രഹരിക്കുകയാണ്. നിശ്ചയിച്ച സമയക്രമത്തേക്കാള്‍ ഓപ്പറേഷന്‍ മുന്നേറുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ നശിപ്പിക്കുക, അതിന്റെ നാവിക ശക്തി ഇല്ലാതാക്കുക, ഇറാന്‍ ആണവായുധം നേടുന്നത് തടയുക, പ്രോക്‌സികള്‍ക്കുള്ള ധനസഹായവും ആയുധവും നിര്‍ത്തുക എന്നീ നാലു ലക്ഷ്യങ്ങളാണ് യുദ്ധത്തിലൂടെ ഉന്നമിടുന്നതെന്ന് ട്രംപ് പറഞ്ഞു. യുദ്ധം നാലോ അഞ്ചോ ആഴ്ച നീണ്ടുനില്‍ക്കും. ആക്രമണത്തിന്റെ വലിയ തരംഗം ഉടന്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



