സൻആ: സൗദി അറേബ്യയുടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി ആക്രമിച്ചതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ അവകാശപ്പെട്ടു. സൗദി അറേബ്യക്കെതിരെ തങ്ങൾ ഏർപ്പെടുത്തിയ നാവിക ഉപരോധം ആരംഭിച്ചതിനുശേഷം ലക്ഷ്യമിടുന്ന എട്ടാമത്തെയും ഒമ്പതാമത്തെയും എണ്ണ ടാങ്കറുകളാണിതെന്ന് ഹൂത്തി സൈനിക വക്താവ് യഹ്‌യ സരീഅ് വ്യക്തമാക്കി. എന്നാൽ ഈ അവകാശവാദത്തോട് സൗദി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വടക്കൻ ചെങ്കടലിലെ യാമ്പു തീരത്ത് വെച്ച് സൗദി എണ്ണ ടാങ്കറായ ‘വഫാ’യ്ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് വിജയകരമായി ആക്രമണം നടത്തിയതായി യഹ്‌യ സരീഅ് വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ, ഏദൻ ഉൾക്കടലിൽ വെച്ച് സൗദിയുടെ മറ്റൊരു എണ്ണ ടാങ്കറായ ‘ഡെയ്സി’ക്ക് നേരെയും മിസൈലാക്രമണം നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സമാന്തരമായി ഉപരോധം ഏർപ്പെടുത്തിയതോടെ, സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ പ്രധാന കവാടമായി മാറിയത് ചെങ്കടലിലെ യാമ്പു തുറമുഖമാണ്. തങ്ങളുടെ ഉപരോധത്തെ തുടർന്ന് തെക്കൻ ചെങ്കടലിൽ നിന്നുള്ള എണ്ണ ടാങ്കറുകൾ വടക്കൻ ചെങ്കടലിലേക്ക് സൗദി തിരിച്ചുവിടാൻ നിർബന്ധിതരായെന്നും, അതിനാൽ വടക്കൻ ചെങ്കടലിലും ആക്രമണം കടുപ്പിച്ച് എണ്ണ ഗതാഗതത്തിനുള്ള എല്ലാ വഴികളും അടയ്ക്കുമെന്നും ഹൂത്തി വക്താവ് മുന്നറിയിപ്പ് നൽകി.
കിഴക്കൻ സൗദി അറേബ്യയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ വഴി യാമ്പു തുറമുഖത്ത് എണ്ണയെത്തിച്ചാണ് നിലവിൽ സൗദി കയറ്റുമതി നടത്തുന്നത്. മാരിടൈം ട്രാക്കറായ കെപ്ലറിന്റെ ഡാറ്റ പ്രകാരം ബാബ് അൽമന്ദബ് കടലിടുക്ക് വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ വൻ വർധനവാണ് സമീപമാസങ്ങളിൽ ഉണ്ടായത്. എന്നാൽ ചെങ്കടൽ പാത കൂടി തടസ്സപ്പെടുത്താനുള്ള ഹൂത്തികളുടെ നീക്കം ലോകത്തിലെ പ്രമുഖ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.






