തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഒരു പവന് 2,120 രൂപ വര്‍ധിച്ച് വില 1,09,800 രൂപയിലെത്തി. ഗ്രാമിന് 265 രൂപ ഉയര്‍ന്ന് 13,725 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന് 1,06,880 രൂപയിലായിരുന്നു വിപണിയില്‍ വ്യാപാരം നടന്നിരുന്നത്. സാധാരണക്കാരെ സംബന്ധിച്ച് സ്വര്‍ണം വാങ്ങുക എന്നത് കൂടുതല്‍ ദുഷ്‌കരമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 215 രൂപ വര്‍ധിച്ച് 11,275 രൂപയായി. ഒരു പവന് 90,200 രൂപയാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 170 രൂപ വര്‍ധിച്ച് 8,785 രൂപയും പവന് 70,280 രൂപയുമായി. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 5,665 രൂപയും പവന് 45,320 രൂപയുമായി. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാമിന് 2,400 രൂപ നല്‍കണം.
വരും ദിവസങ്ങളിലും വിലയില്‍ സമാനമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. ആഗോളതലത്തിലുള്ള ലഭ്യതക്കുറവ്, വ്യാവസായിക ആവശ്യങ്ങളിലെ വര്‍ധന, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത എന്നിവയാണ് വെള്ളി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പ്രധാന കാരണം. ഇന്ത്യയിലെ ഇറക്കുമതി തീരുവയും നികുതി വ്യവസ്ഥകളും ആഭ്യന്തര വിപണിയില്‍ വില കൂടാന്‍ കാരണമാകുന്നുണ്ട്.
സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിയായി അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്. എന്നാല്‍ ചെറുകിട സ്ഥാപനങ്ങളില്‍ ഇത് വ്യത്യാസപ്പെടാം. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് നിരക്ക് എന്നിവ സ്വര്‍ണവിലയുടെ കൂടെ ഉള്‍പ്പെടുത്തണം. ഇതോടെ ഇന്നത്തെ നിരക്കില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1.25 ലക്ഷം രൂപയെങ്കിലും ഉപഭോക്താവ് നല്‍കണം. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ വില ഉയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്വര്‍ണവിലയിലെ ഈ കുതിപ്പ് സംസ്ഥാനത്തെ ആഭരണ വിപണിയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മുന്‍കൂര്‍ ബുക്കിങ് നടത്തിയവര്‍ക്ക് മാത്രമാണ് നിലവില്‍ നേരിയ ആശ്വാസം ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയര്‍ന്നാല്‍ സ്വര്‍ണവില്‍പനയില്‍ വലിയ ഇടിവ് സംഭവിക്കാമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. ഗ്രാമീണ മേഖലയിലെ ചെറുകിട സ്വര്‍ണ വ്യാപാരികളെയും ഈ വിലക്കയറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.






