തിരുവനന്തപുരം: ഉക്രൈനിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.
ഗിനിയ-ബിസാവു പതാകയുള്ള ‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ പതിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒഡേസ മേഖല കേന്ദ്രീകരിച്ച് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഈ മാസത്തിൽ മാത്രം റഷ്യൻ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡേസ ഗവർണർ ഒലെ കിപ്പർ വ്യക്തമാക്കി.
യുക്രെയ്ന്റെ കാർഷിക ഉൽപ്പന്നങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന പ്രധാന പാതയായ കരിങ്കടലിലൂടെയുള്ള (Black Sea) ചരക്കുകപ്പലുകളെ റഷ്യ തുടർച്ചയായി ലക്ഷ്യമിടുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയുയർത്തുന്നുണ്ട്.




