തെഹ്‌റാന്‍ – ഇറാന്‍ തീരത്ത് ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ഗ്യാസ് ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം. മൊസാംബിക്ക് പതാക വഹിച്ച, ദിഷ എന്ന് പേരുള്ള ദ്രവീകൃത പ്രകൃതിവാതക ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ ജലാതിര്‍ത്തിയില്‍ വെച്ച് ആക്രമിക്കപ്പെട്ടതായി തെഹ്റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കപ്പലില്‍ 28 ഇന്ത്യന്‍ ജീവനക്കാരാണുണ്ടായിരുന്നത്. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ഇവര്‍ നിലവില്‍ ഒമാനിലാണ്. ബന്ധപ്പെട്ട അധികാരികളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇറാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
അറേബ്യന്‍ ഗള്‍ഫിലേക്കുള്ള യാത്രാമധ്യേ ഹോര്‍മുസ് കടലിടുക്കിന് സമീപം അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള മിസൈല്‍ കപ്പലില്‍ ഇടിക്കുകയായിരുന്നെന്ന് ഇന്ത്യന്‍ സീമെന്‍സ് യൂണിയന്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. ഇറാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ലോകത്തിലെ ഊര്‍ജ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് നീക്കം ചെയ്യപ്പെട്ടിരുന്ന ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതയായി കണക്കാക്കപ്പെടുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തല്‍ ജൂലൈ ആദ്യത്തില്‍ തകര്‍ന്നതിനുശേഷം മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. ഇത് വീണ്ടും കനത്ത ആക്രമണങ്ങള്‍ക്കും ഈ സുപ്രധാന ജലപാതയിലൂടെയുള്ള സമുദ്ര ഗതാഗതത്തിന് കൂടുതല്‍ തടസ്സങ്ങള്‍ക്കും കാരണമായി.




