ഗാസ- യുദ്ധം മൂലം ഗാസയിലുണ്ടായ നാശത്തിന്റെ ഭീതിജനകമായ വ്യാപ്തി വ്യക്തമാക്കി ഗൂഗിൾ മാപ്പിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ. ജനവാസ കേന്ദ്രങ്ങളും വിശാലമായ നഗരപ്രദേശങ്ങളും അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയതിന്റെയും, പ്രദേശങ്ങൾ മുഴുവനായി അപ്രത്യക്ഷമായതിന്റെയും ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഗൂഗിൾ എർത്ത് മാപ്പിലെ പുതിയ അപ്ഡേറ്റുകൾ വെളിപ്പെടുത്തുന്നത്. അടുത്ത കാലം വരെ ജനസാന്ദ്രതയേറിയതായിരുന്ന പല പ്രദേശങ്ങളും നിലവിൽ ശൂന്യമായ ഇടങ്ങളായി അവശേഷിക്കുകയാണ്.
ഇസ്രായേലി ഗവൺമെന്റിന്റെ ഔദ്യോഗിക മാപ്പിംഗ് വെബ്സൈറ്റിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ, സാധാരണ നിലയിലുള്ള സെൻസർഷിപ്പില്ലാതെ വടക്കൻ ഗാസയുടെ ഉയർന്ന റെസല്യൂഷനിലുള്ള ആകാശ ചിത്രങ്ങൾ പുറത്തുവന്നത് വലിയ ചർച്ചയായിട്ടുണ്ട്. ബഫർ സോണിനുള്ളിലെ 11 ഇസ്രായേലി സൈനിക താവളങ്ങളുടെ സ്ഥാനങ്ങളും ചിത്രങ്ങൾ തുറന്നുകാട്ടി.
2026 ജൂൺ 16 വരെയുള്ള കണക്കുപ്രകാരം ഗാസ മുനമ്പിലെ 2,01,290 കെട്ടിടങ്ങൾക്ക് (ആകെ കെട്ടിടങ്ങളുടെ 82%) കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ 1,34,422 കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. ഏകദേശം 3,28,627 ഭവന യൂണിറ്റുകളാണ് തകർന്നത്.
ബോംബാക്രമണത്തിന്റെ ഫലമായി ഗാസയിൽ ആറു കോടി ടൺ അവശിഷ്ടങ്ങളാണ് ചിതറിക്കടക്കുന്നത്. ആവശ്യമായ വിഭവങ്ങൾ ലഭ്യമായാൽ പോലും ഇത് നീക്കം ചെയ്യാൻ ഏഴ് വർഷത്തോളം വേണ്ടിവരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഗൂഗിളിൽ ലഭ്യമായ പുതിയ ചിത്രങ്ങൾ ഗാസയിൽ നടത്തിയ ആസൂത്രിതമായ നാശത്തിന്റെ തെളിവാണെന്ന് വിവിധ അന്താരാഷ്ട്ര പ്രമുഖരും വിശകലന വിദഗ്ധരും പ്രതികരിച്ചു. യു.എൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ്, യൂറോപ്യൻ പാർലമെന്റ് അംഗം ബാരി ആൻഡ്രൂസ് തുടങ്ങിയവർ പുതിയ ചിത്രങ്ങളെ രൂക്ഷമായ ഭാഷയിൽ അപലപിച്ചു.
