ഗാസ- ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ജനസാന്ദ്രതയേറിയ പാർപ്പിട സമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അൽഷിഫ ആശുപത്രിയിലെ മെഡിക്കൽ ജീവനക്കാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ന് പുലർച്ചെ മുന്നറിയിപ്പില്ലാതെ റിമാൽ പ്രദേശത്തെ ‘അൽഅസാല’ കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ഗാസ സിറ്റിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലകളിലൊന്നായ ഇവിടെ, ആയിരക്കണക്കിന് അഭയാർഥികളാണ് താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നത്.
താമസക്കാർ ഉറങ്ങിക്കൊണ്ടിരുന്ന അർധരാത്രിയിലാണ് സംഭവം. യുദ്ധവിമാനങ്ങളുടെ ഇരമ്പൽ ശബ്ദത്തിന് പിന്നാലെ മൂന്ന് തവണ ശക്തമായ ആക്രമണമുണ്ടാകുകയും മിസൈലുകൾ അപ്പാർട്ട്‌മെന്റിൽ പതിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് ബഹുനില കെട്ടിടത്തിലുടനീളം വലിയ നാശനഷ്ടങ്ങളുണ്ടായി. കെട്ടിടത്തിനുള്ളിലേക്ക് തുളച്ചുകയറിയ മിസൈലുകൾ താഴെയുള്ള നിലകളിലൂടെ കടന്നുപോയതോടെ ഒരു മണിക്കൂറോളം തീ ആളിപ്പടർന്നു. പിന്നീട് ഫലസ്തീൻ സിവിൽ ഡിഫൻസ് സംഘമെത്തിയാണ് തീ അണച്ചത്. ഉറങ്ങിക്കിടന്നവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഭയാനകമായ കാഴ്ചയാണ് രക്ഷാപ്രവർത്തകർക്ക് കാണാൻ കഴിഞ്ഞത്.
പ്രദേശത്തിന് മുകളിലൂടെ ഇസ്രായേൽ ഡ്രോണുകളും യുദ്ധവിമാനങ്ങളും താഴ്ന്നു പറക്കുന്നുണ്ടെങ്കിലും, കാണാതായവർക്കും മൃതദേഹങ്ങൾക്കുമായി സിവിൽ ഡിഫൻസ് സംഘം തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്ന് അൽഷിഫ ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ പ്രായമായ ഒരു ക്രിസ്ത്യൻ വനിതയും അവരുടെ മകളും ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







