ഗാസ – കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ക്ക് സമീപിക്കാന്‍ കഴിയാത്തതിനാല്‍ ഏതാനും പേര്‍ അവശിഷ്ടങ്ങള്‍ക്കിടയിലും തെരുവുകളിലും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 601 ആയി ഉയര്‍ന്നു. 1,607 പേര്‍ക്ക് പരിക്കേറ്റു. ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 726 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ ഗാസയില്‍ തങ്ങളുടെ നാല് സൈനികരെ പോരാളികള്‍ കൊലപ്പെടുത്തിയതായി ഇസ്രായില്‍ പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72,061 ആയി ഉയര്‍ന്നു. 1,71,715 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തങ്ങളുടെ സേനയെ സമീപിച്ചതിനും സൈനികര്‍ക്ക് ഭീഷണി ഉയര്‍ത്തിയതിനും വടക്കന്‍ ഗാസ മുനമ്പില്‍ രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായില്‍ സൈന്യം ഷെല്ലാക്രമണം, വെടിവെപ്പ്, കടന്നുകയറ്റം എന്നിവ തുടരുകയാണെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നു. സുരക്ഷാ ഭീഷണികളോട് പ്രതികരിക്കുകയും, പോരാളികളെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതായും ഇസ്രായില്‍ ആരോപിച്ചു. എന്നാല്‍ ഇസ്രായില്‍ സൈന്യത്തിന്റെ ഓപ്പറേഷനുകള്‍ സാധാരണക്കാര്‍ക്കിടയില്‍ ആളപായമുണ്ടാക്കുന്നതായും ഗാസ മുനമ്പിലെ മാനുഷിക സാഹചര്യം വഷളാക്കുന്നതായും ഫലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി.
ജനുവരി പകുതിയോടെ, ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി അമേരിക്ക അറിയിച്ചു. ഗാസ മുനമ്പില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ ക്രമേണ പിന്‍വലിക്കല്‍, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര സേനയെ വിന്യസിക്കല്‍ എന്നിവ രണ്ടാം ഘട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. 2007 മുതല്‍ കൈവശം വെച്ചിരിക്കുന്ന ഗാസ മുനമ്പിന്റെ നിയന്ത്രണം ഉപേക്ഷിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും ആയുധം ഉപേക്ഷിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. ഗാസ മുനമ്പിന്റെ പകുതിയിലധികവും ഇപ്പോഴും ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ബെയ്ത്ത് ഹാനൂന്‍ പ്രദേശത്ത് ഹമാസ് ഇന്നലെ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് മറുപടിയായി കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇസ്രായില്‍ പ്രതിരോധ സേന ആക്രമണം അഴിച്ചുവിട്ടതായി ഇസ്രായിലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ഇസ്രായിലി നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്കും ഹമാസിന്റെ കൈവശമുള്ള പ്രദേശങ്ങള്‍ക്കും ഇടയിലുള്ള ബഫര്‍ സോണ്‍ വേര്‍തിരിക്കുന്ന മഞ്ഞ രേഖയില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള ഭാഗത്തുള്ള തുരങ്കത്തില്‍ നിന്ന് പോരാളികള്‍ പുറത്തുവന്നതായും സൈനിക ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായില്‍ പ്രതിരോധ സേനക്ക് സമീപം ആയുധങ്ങളുമായി മഞ്ഞ രേഖ മറികടക്കുന്നത് വെടിനിര്‍ത്തലിന്റെ വ്യക്തമായ ലംഘനമാണ്. ഇസ്രായില്‍ സൈന്യത്തെ ദോഷകരമായി ബാധിക്കുക എന്ന ഉദ്ദേശ്യത്തോടെ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ എങ്ങിനെ വ്യവസ്ഥാപിതമായി ലംഘിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നതായും സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായില്‍ സൈന്യത്തിന്റെ പിന്‍വലിക്കല്‍ വ്യവസ്ഥ ചെയ്തിട്ടും ഗാസ മുനമ്പിനുള്ളില്‍ ഇസ്രായില്‍ ഏകപക്ഷീയമായി മഞ്ഞ രേഖ വികസിപ്പിച്ചു.
നിരായുധീകരിക്കാന്‍ ഹമാസിനെ നിര്‍ബന്ധിതമാക്കുമെന്ന് ഇസ്രായില്‍ പ്രസ്താവിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് അവസാനിപ്പിക്കാന്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് പുതുതായി രൂപീകരിച്ച അന്താരാഷ്ട്ര സമാധാന ബോര്‍ഡിന്റെ ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കുന്നവരോട് ഹമാസ് വക്താവ് ഹാസിം ഖാസിം ആവശ്യപ്പെട്ടു. വാഷിംഗ്ടണില്‍ നടക്കുന്ന യോഗത്തില്‍ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള കോടിക്കണക്കിന് ഡോളറിന്റെ പദ്ധതിയും പ്രദേശത്ത് വിന്യസിക്കേണ്ട യു.എന്‍ സേനയുടെ വിശദാംശങ്ങളും ട്രംപ് അവതരിപ്പിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് വടക്കന്‍ ഗാസയിലെ തുരങ്കങ്ങള്‍ നശിപ്പിക്കുന്നത് തുടരുകയാണെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കി.



