റാമല്ല – വെസ്റ്റ് ബാങ്കിന്റെ 41 ശതമാനവും ഇപ്പോള്‍ ഇസ്രായിലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
താല്‍ക്കാലിക അധിനിവേശത്തിനു പകരം സ്ഥിരമായ അധിനിവേശമാക്കി മാറ്റുന്ന സമഗ്രമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി വെസ്റ്റ് ബാങ്കിന്റെ വിശാലമായ പ്രദേശങ്ങളില്‍ ഇസ്രായില്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ നിയന്ത്രണം വികസിപ്പിച്ചു. ഇസ്രായില്‍ സൈന്യവും ജൂതകുടിയേറ്റക്കാരും കഴിഞ്ഞ വര്‍ഷം വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കും നേരെ 23,827 ആക്രമണങ്ങള്‍ നടത്തിയതായി റാമല്ലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോളനൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ തലവനായ മന്ത്രി മുഅയ്യദ് ശഅബാന്‍ പറഞ്ഞു. ഇക്കാലത്തിനിടെ ഒരു വര്‍ഷത്തില്‍ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കു നേരെയുണ്ടായതില്‍ വെച്ച് ഏറ്റവും കൂടിയ ആക്രമണങ്ങളാണിത്. ഇസ്രായില്‍ സൈന്യം 18,384 ആക്രമണങ്ങളും ജൂതകുടിയേറ്റക്കാര്‍ 4,723 ആക്രമണങ്ങളും നടത്തി. സൈന്യവും ജൂതകുടിയേറ്റക്കാരും ചേര്‍ന്ന് സംയുക്തമായി വ്യക്തികള്‍, ഭൂമി, വിളകള്‍, സ്വത്തുവകകള്‍ എന്നിവ ലക്ഷ്യമിട്ട് 720 ആക്രമണങ്ങളും നടത്തി.
വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ സംബന്ധിച്ചേടത്തോളം കഴിഞ്ഞ വര്‍ഷം രക്തരൂക്ഷിതമായ കൊല്ലമായിരുന്നു. ഇപ്പോള്‍ വെസ്റ്റ് ബാങ്കിന്റെ മൊത്തം വിസ്തൃതിയുടെ ഏകദേശം 41 ശതമാനത്തില്‍ ഇസ്രായില്‍ യഥാര്‍ഥ നിയന്ത്രണം ചെലുത്തുന്നു. ഏരിയ സി യുടെ ഏകദേശം 70 ശതമാനത്തില്‍ കര്‍ശനമായ പിടിമുറുക്കല്‍ നിലനിര്‍ത്തുന്നു. സൈനിക ഉത്തരവുകളുടെയും കൈവശപ്പെടുത്തല്‍ നടപടികളുടെയും സമഗ്രമായ സംവിധാനത്തിലൂടെ ജോര്‍ദാന്‍ താഴ്വരയുടെ 90 ശതമാനത്തിലധികം ഇസ്രായിലിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്.


വെസ്റ്റ് ബാങ്കിലെ കൊളോണിയല്‍ പദ്ധതി കൂടുതല്‍ ആഴത്തിലാക്കാന്‍ നിയമവ്യവസ്ഥയെ കേന്ദ്ര ഉപകരണമായി ഇസ്രായില്‍ നെസെറ്റ് (പാര്‍ലമെന്റ്) ഉപയോഗിക്കുന്നു. നിലവിലുള്ള കൊളോണിയല്‍ യാഥാര്‍ഥ്യങ്ങളെ നിയമവിധേയമാക്കുക, ജൂതകുടിയേറ്റക്കാരുടെയും അവരുടെ തദ്ദേശ കൗണ്‍സിലുകളുടെയും അധികാരങ്ങള്‍ വികസിപ്പിക്കുക, ഭൂവിനിയോഗം, ആസൂത്രണം, നിര്‍മ്മാണം എന്നിവയില്‍ നിയമപരമായ വിവേചനം സ്ഥാപിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി ബില്ലുകളും നിയമനിര്‍മ്മാണ ഭേദഗതികളും നെസെറ്റ് അംഗീകരിച്ചു. അധിനിവേശ സ്ഥാപനങ്ങള്‍ക്ക് അധിക സിവില്‍ അധികാരങ്ങള്‍ കൈമാറ്റം ചെയ്തുകൊണ്ട് വെസ്റ്റ് ബാങ്ക് ഭൂമികളിലെ ഇസ്രായിലി നിയന്ത്രണം ശക്തിപ്പെടുത്തുക, ഫലസ്തീന്‍ ഭൂമിയുടെയും അതിന്റെ ഉടമസ്ഥരുടെയും നിയമപരമായ പദവി ദുര്‍ബലപ്പെടുത്തുക, മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സ്ഥാപിച്ച സെറ്റില്‍മെന്റ് ഔട്ട്പോസ്റ്റുകള്‍ നിയമവിധേയമാക്കുക എന്നിവ നെസറ്റിന്റെ നടപടികളില്‍ ഉള്‍പ്പെടുന്നു.
ഇന്നലെ വെസ്റ്റ് ബാങ്കിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡുകള്‍ക്കിടെ രണ്ടു ഡസനിലേറെ ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തക ഇനാസ് ഇഖ്ലാവി, ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി അടുത്തിടെ ഇസ്രായില്‍ വിട്ടയച്ച ഖല്‍ഖീലിയയില്‍ നിന്നുള്ള അബ്ദുല്ല ദിയാബ് എന്നിവര്‍ അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
ഡസന്‍ കണക്കിന് ജൂതകുടിയേറ്റക്കാര്‍ ഇസ്രായിലി പോലീസ് സേനയുടെ സംരക്ഷണയില്‍ ജറൂസലമിലെ അല്‍അഖ്സ മസ്ജിദ് കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി മുറ്റങ്ങളില്‍ പ്രകോപനപരമായ താല്‍മൂദിക് ആചാരങ്ങളും നടത്തി. അവര്‍ ജറൂസലമിലെ ഇസ്‌ലാമിക സെമിത്തേരിക്കു നേരെ കൈയേറ്റം നടത്തുകയും ചില ഖബറിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അല്‍അഖ്സ പള്ളിയുടെ തെക്ക് സില്‍വാന്‍ ഗ്രാമത്തിലുള്ള ഫലസ്തീനിയുടെ വീടും ജൂതകുടിയേറ്റക്കാര്‍ പിടിച്ചെടുത്തു.
അതേസമയം, സുരക്ഷാ, ജനസംഖ്യാ ഭീഷണി ഉയര്‍ത്തുന്നതായി വ്യാജമായി വാദിച്ച് ജറൂസലം പ്രദേശത്തെ കുറഞ്ഞത് 40,000 ഫലസ്തീന്‍ വീടുകളെങ്കിലും തകര്‍ക്കാനുള്ള ഇസ്രായിലിന്റെ പുതിയ നീക്കം പുറത്തായി. വലതുപക്ഷ റെഗാവിം സംഘടന തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടിലാണ് ഈ ആഗ്രഹം വ്യക്തമാക്കിയിരിക്കുന്നതെന്ന് യെദിയോട്ട് അഹ്‌റോണോത്ത് പത്രത്തിനു കീഴിലെ ഇസ്രായിലി വാര്‍ത്താ സൈറ്റായ വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ജറൂസലമിനെ ശ്വാസം മുട്ടിക്കുന്നതും അതിന്റെ സുരക്ഷക്ക് ഭീഷണിയുമാകുന്നതുമായ കൂറ്റന്‍ കെട്ടിടങ്ങള്‍ ഫലസ്തീന്‍ അതോറിറ്റി നിര്‍മ്മിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് അവകാശപ്പെട്ടു.


1967 ല്‍ ഇസ്രായില്‍ ഈ പ്രദേശത്ത് അധിനിവേശം നടത്തുന്നതിന് മുമ്പ്, പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കും മുമ്പ് നിലനിന്നിരുന്ന ഫലസ്തീന്‍ ഗ്രാമങ്ങളെയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓസ്ലോ ഉടമ്പടി പ്രകാരം, ഫലസ്തീന്‍ അതോറിറ്റിയുടെ ഭരണപരവും സുരക്ഷാപരവുമായ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളായ അല്‍റാം, ഖലന്ദിയ, സൂര്‍ ബാഹിര്‍, അനാത്ത, അല്‍ഐസരിയ, ജബല്‍ അല്‍മുകബ്ബര്‍, ജബല്‍ അബൂഗുനൈം, അബൂദീസ്, ബെയ്ത്ത് സാഹൂര്‍, ബെത്ലഹേം, ഖുബൈബ എന്നിവിടങ്ങളിലെ ഫലസ്തീന്‍ വീടുകള്‍ തകര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ഇസ്രായിലി വകുപ്പുകളുടെ അനുമതിയില്ലാതെയാണ് ഈ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.
2008 മുതല്‍ തുടര്‍ച്ചയായ ആകാശ ഫോട്ടോഗ്രാഫിയിലൂടെ ഈ കെട്ടിടങ്ങള്‍ നിരീക്ഷിച്ചുവരുന്ന റെഗാവിം സംഘടന, അവ നിയമവിരുദ്ധമായി കണക്കാക്കുകയും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി വാദിക്കുകയും ചെയ്യുന്നു. കിഴക്കന്‍ ജറൂസലമിനെ ജൂതവല്‍ക്കരിക്കാന്‍ ഇസ്രായില്‍ സ്ഥാപിച്ച ജൂതകുടിയേറ്റ വീടുകള്‍ ഈ ബഹുനില കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് നിരീക്ഷിക്കാമെന്ന് സംഘടന വാദിക്കുന്നു. സുരക്ഷാ കാഴ്ചപ്പാടില്‍, ഇവിടെ ഒരു പ്രധാന അപകടമുണ്ട്. ഗാസ മുനമ്പിലെ ഫിലാഡല്‍ഫി ഇടനാഴിയില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു. അവസാനം, നമുക്ക് സുരക്ഷിതമായി അവിടെ സഞ്ചരിക്കാന്‍ കഴിയുന്നതിന് റഫയെ പൂര്‍ണ്ണമായും നശിപ്പിക്കേണ്ടിവന്നു – ജറുസലേം പ്രദേശത്തെ ബോര്‍ഡര്‍ പോലീസിന്റെ കമാന്‍ഡറായി സേവനമനുഷ്ഠിച്ച, സെറ്റില്‍മെന്റ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരില്‍ ഒരാളായ മേജര്‍ ജനറല്‍ ലെവി അമിതായിയുടെ ശ്രദ്ധേയമായ പ്രസ്താവന റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു.



