തെഹ്‌റാന്‍ – അമേരിക്കന്‍ ആക്രമണത്തിന് നിര്‍ണ്ണായക തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ യു.എസ് ഉദ്യോഗസ്ഥര്‍ ശക്തമായ ആക്രമണങ്ങള്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്കിലെ ദ്വീപിലും ഹോര്‍മുസിന് സമീപമുള്ള ഇറാന്‍ നഗരങ്ങളിലും തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ദ്വീപായ ഖെഷ്മില്‍ ആറ് സ്‌ഫോടനങ്ങളും സിറിക് നഗരത്തില്‍ ഏഴ് സ്‌ഫോടനങ്ങളും പ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ്സില്‍ കൂടുതല്‍ സ്‌ഫോടനങ്ങളും കേട്ടതായി ഔദ്യോഗിക ഇറാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലെബനോനില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണവും മറ്റ് ഭീഷണികളും ചൂണ്ടിക്കാട്ടി മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രം അമേരിക്ക ആവര്‍ത്തിച്ച് ലംഘിച്ചതായി വിദേശ മന്ത്രാലയം പറഞ്ഞു.
അമേരിക്കയുടെ ഉടമ്പടി ലംഘനത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ഇറാന്‍ ഗുരുതരമായ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങളുടെ താല്‍പ്പര്യങ്ങളും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന് ഇറാന്‍ നിര്‍ണായക നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. ഹോര്‍മുസില്‍ തങ്ങളുടെ തീരത്തിന് സമീപം ഒമാന്‍ നിര്‍ദ്ദേശിച്ച താല്‍ക്കാലിക ഗതാഗത ഇടനാഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ ഒമാന്‍ തീരത്തിനു സമീപമാണ് മൂന്ന് കപ്പലുകള്‍ക്കു നേരെയും ആക്രമണങ്ങളുണ്ടായത്. ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താന്‍ ഇറാന്‍ ശ്രമിക്കുന്നതിനാല്‍ ഒമാന്‍ തീരത്തിനു സമീപം താല്‍ക്കാലിക ഇടനാഴി സ്ഥാപിക്കുന്നതിനെ ഇറാന്‍ എതിര്‍ക്കുന്നു.



