തെഹ്‌റാന്‍ – ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നതോടെ, തന്ത്രപ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ചത് ലോക രാജ്യങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയായി. ഇറാന്‍ പോര്‍ട്ട്‌സ് അതോറിറ്റി പ്രഖ്യാപിച്ച റൂട്ടുകളിലൂടെ കപ്പല്‍ ഗതാഗതം അനുവദിക്കും. വെടിനിര്‍ത്തല്‍ കാലയളവില്‍ ഹുര്‍മുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കും മുന്നില്‍ തുറന്നിരിക്കുമെന്നും ഗതാഗതം ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കപ്പെടുമെന്നും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവിച്ചു. ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ പോര്‍ട്ട്‌സ് അതോറിറ്റി ഇതിനകം പ്രഖ്യാപിച്ച ഏകോപിത പാതയിലൂടെ ആയിരിക്കുമെന്ന് അറാഖ്ജി കൂട്ടിച്ചേര്‍ത്തു.
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളിലെ പ്രധാന പോയിന്റായ ലെബനോനിലെ വെടിനിര്‍ത്തല്‍ സമയത്ത് ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും വീണ്ടും സമുദ്ര ഗതാഗതത്തിനായി തുറക്കുമെന്ന ഇറാന്റെ വെള്ളിയാഴ്ച പ്രഖ്യാപനത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നിട്ടുണ്ടെന്നും നാവിഗേഷന് തയ്യാറാണെന്നും ഇറാന്‍ പ്രഖ്യാപിച്ചതായി, ഇറാന്റെ പ്രഖ്യാപനത്തിന് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നിട്ടുണ്ടെന്നും പൂര്‍ണ്ണ ഗതാഗതത്തിന് തയ്യാറാണെന്നും ഇറാന്‍ പ്രഖ്യാപിച്ചു. നന്ദി!’ – ട്രൂത്ത് സോഷ്യല്‍ വെബ്സൈറ്റില്‍ യു.എസ് പ്രസിഡന്റ് എഴുതി. എന്നാല്‍ ഇറാനുമായുള്ള ഇടപാടുകള്‍ 100 ശതമാനം പൂര്‍ത്തിയാകുന്നതുവരെ ഇറാനെതിരായ നാവിക ഉപരോധം നിലനില്‍ക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. മിക്ക കാര്യങ്ങളും ഇതിനകം ചര്‍ച്ച ചെയ്തിട്ടുള്ളതിനാല്‍ ഈ പ്രക്രിയ വളരെ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എസ് പ്രസിഡന്റ് പറഞ്ഞു.
അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ അറേബ്യന്‍ കടലിലൂടെ കടന്നുപോയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്‍ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും അമേരിക്ക ഉപരോധം തുടരുകയാണ്. ഇറാനെതിരായ സൈനിക നടപടികള്‍ വളരെ വിജയകരമാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ആവര്‍ത്തിച്ചു. 12 ലധികം കപ്പലുകളും 100 ലധികം വിമാനങ്ങളും ഏകദേശം 10,000 സൈനികരെയും ഉപയോഗിച്ച് ഹുര്‍മുസ് കടലിടുക്കിന് ചുറ്റും യു.എസ് സേന ഉപരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വിശദീകരിച്ചു. ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധത്തിന്റെ ഭാഗമായി അറേബ്യന്‍ കടലില്‍ വിന്യസിച്ച യു.എസ്.എസ് എബ്രഹാം ലിങ്കണിന്റെ ഫോട്ടോകള്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു.



