സാൻ ഫ്രാൻസിസ്കോ– ഇന്ന് ഇന്ത്യൻ സമയം രാത്രി 12:30ന് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ ഖത്തർ സ്വിസർലാന്റിനെ നേരിടുമ്പോൾ മലയാളി ഫുട്ബോൾ പ്രേമികളുടെ കണ്ണുകൾ എല്ലാം ആ 24 ആം നമ്പർ ജേഴ്സി അണിയുന്ന 19 കാരനായ തഹ്സീൻ മുഹമ്മദിലേക്ക് ആയിരിക്കും. ഖത്തറിൽ ജനിച്ചുവളർന്ന കണ്ണൂർ സ്വദേശിയായ തഹസീൻ മൈതാനത്ത് ബൂട്ട് കെട്ടിയിറങ്ങുമ്പോൾ മലയാളികളെല്ലാം ആവേശത്തോടെ ആർപ്പുവിളിക്കും. അതെ ലോകകപ്പിൽ ആദ്യമായി ഒരു മലയാളി പന്ത് തട്ടുന്നു.
മുൻ സ്പാനിഷ് പരിശീലകൻ ജൂലെൻ ലോപെറ്റെഗിയയുടെ കീഴിൽ ഇറങ്ങുന്ന ഖത്തീമിലേക്ക് നോക്കിയാൽ പരിചയ സമ്പന്നരും യുവ താരങ്ങളും അണിനിരക്കുന്ന ഒരു ടീമാണ്. സ്വന്തം നാട്ടിൽ കഴിഞ്ഞ ലോകകപ്പിൽ ഒരു പോയിന്റ് പോലും നേടാതെ ഖത്തർ പുറത്തായെങ്കിലും ഇത്തവണ പ്രതീക്ഷകൾ ഏറെയാണ്. പ്രധാന ഗോൾ വേട്ടക്കാരൻ അൽമോസ് അലി, അക്രം അഫിഫ്, എഡ്മിൽസൺ ജൂനിയർ എന്നിവർ അടങ്ങിയ അക്രമനിരയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. കൂടെ ഉറച്ച പിന്തുണയുമായി അഹമ്മദ് ഫാത്തി, പെഡ്രോ മിഗുവേൽ എന്നിവരും ചേരുമ്പോൾ ഖത്തറിന് വിലകുറച്ച് കാണാൻ സാധിക്കില്ല.
മറുഭാഗത്ത് സ്വിസർലാൻഡ് പ്ലേഓഫ് ഫൈനലിൽ കൊസോവയെ മറികടന്നാണ് ലോകകപ്പിന് എത്തുന്നത്. ടീമിൽ ഇടം നേടിയ ഒട്ടുമിക്ക താരങ്ങളും കഴിഞ്ഞ ലോകകപ്പുകളിൽ പങ്കു തട്ടിയതും സ്വിസർലാൻഡിന് ഗുണം ചെയ്യും. നോഹ ഓകോഫർ, സ്ഡ്രിക് ഇറ്റെൻ, ബ്രീൽ എമ്പോളോ, ഫാബിയൻ റൈഡർ, ഗ്രാനിത് സാക്ക, ജോഹാൻ മുസാമ്പി, എറേ കോമെർട്ട്,
റിക്കാഡോ റോഡ്രിഗസ്, മാനുവൽ അക്കാഞ്ചി, ഗോൾകീപ്പർ ഗ്രേഗോർ കോബെൽ എന്നിവർ അടങ്ങിയ ടീം ഏതൊരു ശക്തരെയും പരാജയപ്പെടുത്താൻ കെൽപ്പുള്ളവരാണ്.
നാളെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ തുർക്കിയെ നേരിടും. ഇന്ത്യൻ സമയം രാവിലെ ഒമ്പതരക്കാണ് മത്സരം.




