ദുബായ്– ഒരു വ്യക്തി ഒറ്റയ്ക്ക് നടത്തുന്ന രക്തദാനത്തേക്കാൾ, ഒരു കൂട്ടായ്മയോ കമ്മിറ്റിയോ സംഘടിപ്പിക്കുന്ന കൂട്ടായ രക്തദാന ക്യാമ്പുകൾക്ക് സമൂഹത്തിൽ വളരെ വലിയ സ്വാധീനവും മാറ്റവും ഉണ്ടാക്കാൻ സാധിക്കുമെന്ന് ദുബൈ കെ എം സി സി ജനറൽ സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്കര പ്രസ്താവിച്ചു. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി, കൈൻഡ്‌നസ് ടീമുമായി സഹകരിച്ച് ദുബൈ ദേരയിലെ ന്യൂ ഗോൾഡ് സൂക്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തി ഒറ്റയ്ക്ക് രക്തം നൽകുമ്പോൾ അത് ഒരുപക്ഷേ ഒന്നോ രണ്ടോ ജീവനുകളെ രക്ഷിച്ചേക്കാം. എന്നാൽ, കെ എം സി സി അടക്കമുള്ള പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ ഇത്തരമൊരു വിപുലമായ ക്യാമ്പ് സംഘടിപ്പിക്കുമ്പോൾ, അത് സമൂഹത്തിലേക്ക് വലിയൊരു സന്ദേശമാണ് നൽകുന്നത്. വ്യക്തിഗതമായി രക്തം നൽകാൻ മടിയോ ഭയമോ ഉള്ളവരെപ്പോലും ഒരുമിച്ച് കൊണ്ടുവരാനും, ഒരൊറ്റ ദിവസം കൊണ്ട് വലിയ അളവിൽ രക്തം സംഭരിച്ച് ഒരു സമൂഹത്തിന് തന്നെ ജീവന്റെ കരുതലാകാനും ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കും. ദുബൈ ഹെൽത്തിന്റെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ പ്രത്യേക രക്തദാന മൊബൈൽ യൂണിറ്റിൽ വെച്ചാണ് നിരവധി സന്നദ്ധപ്രവർത്തകർ ഈ കാരുണ്യപ്രവർത്തിയിൽ പങ്കാളികളായത്. ഒരു നാടിന്റെ ജീവൻ നിലനിർത്താൻ ഇത്തരം സംഘടിത ശ്രമങ്ങൾ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി സുബൈർ കുബണൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സലാം കന്യപ്പാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർഗോഡ് സി എച്ച് സെന്റർ വർക്കിങ് ചെയർമാൻ അബ്ദുൽ കരീം സിറ്റി ഗോൾഡ് മുഖ്യാതിഥിയായിരുന്നു. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ആരോഗ്യ മേഖലയിൽ ഗൾഫിലും നാട്ടിലും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തുല്യത ഇല്ലാത്തതാണെന്നും രക്തദാനത്തെ ജനകീയമാകുന്നതിലും കെ എം സി സി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും പ്രശംസനീയവും മാതൃകപരമാണെന്നും സി എച് സെന്റർ വർക്കിംഗ് ചെയർമാനും സിറ്റി ഗോൾഡ് മാനേജിങ് ഡയറക്ടറുമായ കരീം കോളിയാട് അഭിപ്രായപ്പെട്ടു.
ബേസ്ഡ് ഗോൾഡ് മാനേജിങ് ഡയറക്ടറും
പ്രമുഖ വ്യവസായിമായ സമീർ ബെസ്റ്റ് ഗോൾഡ്, ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, സെക്രട്ടറി അഫ്സൽ മെട്ടമ്മൽ സി എച്ച് നൂറുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ ഭാരവാഹികളായ സുബൈർ അബ്ദുല്ല, കെ പി അബ്ബാസ് കളനാട്, ഹസ്സൈനാർ ബീജന്തടുക്ക, ഫൈസൽ മൊഹ്സിൻ, അഷ്‌റഫ് ബായാർ, സിദ്ദിഖ് ചൗക്കി, ബഷീർ പാറപ്പള്ളി, കൈൻഡ്‌നസ് ഗ്രൂപ്പ് പ്രതിനിധി ശിഹാബ് തെരുവത്ത് തുടങ്ങിയവർ നേത്രത്വം നൽകി മണ്ഡലം നേതാക്കളായ ഇബ്രാഹിം ബേരികെ, ഫൈസൽ പട്ടേൽ, റാഷിദ് പടന്ന,സലാം മാവിലാടം, യൂസുഫ് ഷേണി, ജബ്ബാർ ബൈദല, ഷുഹൈൽ കോപ്പ, തൽഹത് തളങ്കര, ഷാജഹാൻ കാഞ്ഞങ്ങാട്, ഷംസു മാസ്റ്റർ പാട്ലടുക്ക, മുനീർ പള്ളിപ്പുറം, അബ്ദുൽ റഹ്മാൻ ബീച്ചാരക്കടവ്, എന്നിവരും വിവിധ മണ്ഡലം, മുനിസിപ്പാലിറ്റി, പഞ്ചായത്ത് കമ്മിറ്റി നേതാക്കളും ഹാപ്പിനസ് വളണ്ടിയർ ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുകയും രക്തദാനത്തിൽ പങ്കാളികളാകുകയും ചെയ്തു. ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു



