ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കർശന നിബന്ധനകൾ അമേരിക്കയെ നേരിട്ടറിയിച്ച് ഇറാൻ. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയും യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.
ഇറാനെതിരായ യു.എസ് നാവിക ഉപരോധം ഉടനടി പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ ഉടനടി തിരികെ നൽകുക, എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളായി ഇറാൻ വിദേശകാര്യ മന്ത്രി മുന്നോട്ടുവെച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചർച്ച ‘ഫലപ്രദം’; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്
യു.എൻ പൊതുസഭയ്ക്കിടെ ഇറാൻ പ്രതിനിധി സംഘവുമായി നടന്ന ചർച്ചകളെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. തന്റെ മരുമകൻ ജാരെഡ് കുഷ്നറും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഉൾപ്പെട്ട അമേരിക്കൻ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച തികച്ചും ഫലപ്രദവും പോസിറ്റീവുമായിരുന്നുവെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണ്ണമായി നശിപ്പിക്കുമെന്ന് മണിക്കൂറുകൾക്ക് മുമ്പ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ ചൊവ്വാഴ്ചയാണ് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നിർണായക ചർച്ച നടന്നത്. വിഷയത്തിൽ അടുത്ത ഘട്ട ചർച്ച ഉടൻ തന്നെ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഉപരോധം ലംഘിച്ചാൽ വൻ പിഴയും കപ്പൽ പിടിച്ചെടുക്കലും: ഇറാൻ
അതേസമയം, ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഉപരോധം ലംഘിച്ച് കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളിൽ അടങ്ങിയിരിക്കുന്ന ചരക്കിന്റെ മൊത്തം മൂല്യത്തിന്റെ 20 ശതമാനം പിഴയായി ഈടാക്കുമെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി വക്താവ് വ്യക്തമാക്കി. ചുമത്തിയ പിഴ തുക പൂർണ്ണമായി അടച്ചുതീർക്കുന്നതുവരെ കപ്പലുകൾ താൽക്കാലികമായി പിടിച്ചുവെക്കുമെന്നും ഇറാൻ അറിയിച്ചു.







