തെൽ അവീവ്: ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തെൽ അവീവിൽ ഏകദേശം 60 വയസ്സ് പ്രായമുള്ള ഒരാളാണ് മരിച്ചതെന്ന് മാഗൻ ഡേവിഡ് അഡോം എമർജൻസി സർവീസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.മിസൈൽ പതിച്ച സ്ഥലങ്ങളിൽ അടിയന്തര പ്രതികരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. ആക്രമണത്തെത്തുടർന്ന് ഒരു പ്രധാന റോഡ് ഭാഗികമായി അധികൃതർ അടച്ചു. ജറൂസലമിലും പരിസര പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും ജെറിക്കോയിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു. ജറൂസലമിന് മുകളിലൂടെ മിസൈലുകൾ പറക്കുന്ന ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ പുറത്തുവിട്ടു.
ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ തടയാൻ പ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. നിലവിൽ മധ്യ ഇസ്രായേലിലെ വിവിധ ഭാഗങ്ങളിൽ റിസർവ്, റെഗുലർ സേനകൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയും ഇറാനിൽ നിന്ന് കൂടുതൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി.
തങ്ങളുടെ ആണവ നിലയങ്ങൾക്കും സ്റ്റീൽ ഫാക്ടറികൾക്കും നേരെ നടന്ന ആക്രമണങ്ങൾക്ക് ഇസ്രായേൽ കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേലിൽ ഇതുവരെ 19 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. കൊല്ലപ്പെട്ടവരിൽ നാല് പ്രായപൂർത്തിയാകാത്തവരും വിദേശ പൗരന്മാരും ഉൾപ്പെടുന്നു.



