റിയാദ് – ദക്ഷിണ സൗദിയിലെ നജ്‌റാന് നേരെ യെമനില്‍ നിന്ന് ഹൂത്തി ഗ്രൂപ്പ് നടത്തിയ ഭീകരാക്രമണങ്ങളിൽ പ്രവാസികള്‍ അടക്കം 11 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരു സ്ത്രീയും 4 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ ഏഴു സൗദി പൗരന്മാര്‍ക്കും ഒരു യെമനിക്കും രണ്ടു ഈജിപ്തുകാര്‍ക്കും ഒരു പാകിസ്ഥാനിക്കുമാണ് പരിക്കേറ്റത്. പ്രൊജക്ടൈലുകള്‍ ഉപയോഗിച്ചാണ് ഹൂത്തി ഭീകരസേന സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ വിവേചനരഹിതമായി ഭീകരാക്രമണങ്ങള്‍ നടത്തിയത്. സിവിലിയന്‍മാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും മനഃപൂര്‍വ്വം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനായി സഖ്യസേനയുടെ സംയുക്ത സേനാ കമാന്‍ഡ് ഇത്തരം ഭീകരാക്രമണങ്ങള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ തുടരുമെന്ന് മേജര്‍ ജനറല്‍ അല്‍മാലികി വ്യക്തമാക്കി.
അതേസമയം, സൗദി അറേബ്യയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കാനായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി സഹകരിച്ച് യെമനിലെ ഹൂത്തി മിലീഷ്യകളും ഇറാഖിലെ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകളും തമ്മില്‍ ഏകോപനം നടത്തുന്നതായി സൂചിപ്പിക്കുന്ന ഒന്നിലധികം വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട സൗദി സ്രോതസ്സ് വെളിപ്പെടുത്തി.
സൗദി അറേബ്യക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ഈ കക്ഷികള്‍ തമ്മില്‍ ഏകോപനം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കാനും സമാധാനപരമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങള്‍ സൗദി അറേബ്യ തുടരുകയും ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ പോസിറ്റീവ് ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്ന സമയത്താണ് സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡും ഹൂത്തികളും ഇറാഖിലെ സായുധ ഗ്രൂപ്പുകളും തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചതെന്ന് സ്രോതസ്സ് ചൂണ്ടിക്കാട്ടി.
മേഖലയില്‍ സ്ഥിരതക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സംഘര്‍ഷം കുറക്കാനുമുള്ള സൗദി അറേബ്യയുടെ അതീവ താല്‍പ്പര്യം കണക്കിലെടുക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്ന് സ്രോതസ്സ് കൂട്ടിച്ചേര്‍ത്തു. സുരക്ഷക്കും സമാധാനത്തിനും വേണ്ടി രാജ്യം തുടര്‍ന്നും പ്രവര്‍ത്തിക്കും. രാജ്യസുരക്ഷയെയോ സ്ഥിരതയെയോ ലക്ഷ്യം വച്ചുള്ള ഏത് ഭീഷണികളെയും നേരിടാന്‍ സൗദി അറേബ്യ പൂര്‍ണ്ണ സുസജ്ജത നിലനിര്‍ത്തും. ഏതൊരു ആക്രമണത്തെയും നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സൗദി അറേബ്യ മടിക്കില്ലെന്നും സ്രോതസ്സ് ഊന്നിപ്പറഞ്ഞു.
അതിനിടെ, ഹദ്‌റമൗത്, മാരിബ് ഗവര്‍ണറേറ്റുകളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂത്തി മിലീഷ്യ നടത്തിയ ആക്രമണത്തില്‍ 17 സൈനികരും ഓഫീസര്‍മാരും കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും യെമന്‍ സായുധ സേനയുടെ ജോയിന്റ് ഓപ്പറേഷന്‍ കമാന്‍ഡ് ഇന്ന് പുലര്‍ച്ചെ അറിയിച്ചു. ആക്രമണങ്ങളില്‍ 58 സൈനികര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആയുധക്കടത്ത് ശൃംഖലകള്‍ തകര്‍ക്കുകയും ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളുണ്ടായതെന്ന് ജോയിന്റ് ഓപ്പറേഷന്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇരകളുടെ കുടുംബങ്ങളെ ആദരിക്കാനും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കാനും ഉന്നത നേതൃത്വം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജോയിന്റ് ഓപ്പറേഷന്‍ കമാന്‍ഡ് പറഞ്ഞു.
ഹൂത്തി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യെമന്‍ പ്രസിഡന്റ് റശാദ് അല്‍അലീമി പ്രതിജ്ഞ ചെയ്തു. പരിക്കേറ്റവരെ ചികിത്സിക്കാനും പരിചരിക്കാനും ആവശ്യമായ മുഴുവന്‍ ശേഷികളും പ്രയോജനപ്പെടുത്താനും മരിച്ചവരെ ആദരിക്കാനും അവരുടെ കുടുംബങ്ങളെ പരിചരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അല്‍അലീമി സര്‍ക്കാരിനോടും സൈന്യത്തോടും സുരക്ഷാ, ആരോഗ്യ വകുപ്പുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.






