ദുബായ്- ആൾ കേരള മാപ്പിള സംഗീത അക്കാദമി ദുബായ് ചാപ്റ്റർ കെ എം കെ വെള്ളയിലിന്റെ സ്മരണക്കായി മാപ്പിള കലാ രംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഫൈസൽ എളേറ്റിലിനെ തിരഞ്ഞെടുത്തു. കല സാഹിത്യ രംഗത്തും സാംസ്കാരിക രംഗത്തും സജീവമായ യഹ്യ തളങ്കരക്കു കർമശ്രേഷ്ഠ പുരസ്കാരം നൽകും. കലാസാഹിത്യ രംഗത്തു പ്രോത്സാഹനം നൽകുന്ന സുൾഫിക്കർ അസീസിന് കല സേവക് പുരസ്കാരവും നൽകും.
കേരളത്തിലെ അറിയപ്പെടുന്ന മാപ്പിള കല ഗവേഷകനും നിരൂപകനും ഗായകനും മത്സര ജൂറിയായും പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് ഫൈസൽ എളേറ്റിൽ.
മാപ്പിളപ്പാട്ട്, കവിത രചനയോടൊപ്പം ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി, ടി ഉബൈദ് ഫൗണ്ടേഷൻ ചെയർമാൻ, തുടങ്ങി ഒട്ടേറെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തന രംഗത്തു പ്രവർത്തിക്കുന്ന വ്യക്തിയാണ് കാസർകോട് തളങ്കര സ്വദേശി യഹ്യ തളങ്കര.
അഭിനേതാവ്, ദുബായിലും നാട്ടിലും വിവിധ കലാ സാഹിത്യ പ്രവർത്തനങ്ങളുടെ സംഘാടകൻ എന്നീ നിലയിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾക്ക് തന്റെ ബിസിനെസ്സ് രംഗത്തോടൊപ്പം പ്രവർത്തിക്കുന്ന വ്യക്തിയാണ് തൃശൂർ താന്ന്യം സ്വദേശി സുൾഫിക്കർ അസീസ്.
അവാർഡുകൾ ഒക്ടോബർ 4നു ദുബായ് കെ എം സി സി ഓഡിറ്റോറിയത്തിൽ കെ എം കെ അനുസ്മരണ പരിപാടിയിൽ നൽകുമെന്ന് പസിഡന്റ് മൂസ കോയമ്പ്രം, ജനറൽ സെക്രട്ടറി ഡോ. സുലൈമാൻ മതിലകം, പ്രോഗ്രാം കൺവീനർ മുസ്തഫ കുറ്റിപ്പുറം എന്നിവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







