ന്യൂയോര്‍ക്ക് – ഇസ്ലാമിക പുണ്യനഗരമായ മക്കക്കുനേരെയുള്ള ഹൂത്തി മിലീഷ്യയുടെ തുടര്‍ ആക്രമണങ്ങള്‍ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അതിര്‍വരമ്പ് (റെഡ് ലൈന്‍) ലംഘിക്കുന്നതിന് തുല്യമായിരിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യു.എന്നില്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന ലോകനേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവെ, സൗദി അറേബ്യക്കെതിരെ ഹൂത്തികള്‍ നടത്തിയ അപലപനീയമായ ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയില്‍ വീണ്ടും അപലപിക്കുന്നതായി ഷെരീഫ് പറഞ്ഞു. പുണ്യനഗരമായ മക്കക്കുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണശ്രമം ലോകമെമ്പാടുമുള്ള മുസ്ലിംകളെയും രോഷാകുലരാക്കിയിരിക്കുന്നു. ഇരു ഹറമുകള്‍ക്കും നേരെയുണ്ടാകുന്ന ഏത് ഭീഷണിയും ഒരിക്കലും ലംഘിക്കപ്പെടാന്‍ പാടില്ലാത്ത അതിര്‍വരമ്പാണ്. ഇത്രയും ഹീനമായ ഒരു പ്രവൃത്തി ചെയ്യാന്‍ ഒരു മുസ്ലിമിനും ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
സൗദി അറേബ്യയോട് ഞങ്ങള്‍ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യയുമായുള്ള പാകിസ്ഥാന്റെ ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു. ഹോര്‍മുസ് കടലിടുക്കും ബാബ് അല്‍മന്ദബ് കടലിടുക്കും സമുദ്ര ഗതാഗതത്തിനായി തുറന്നിടണമെന്നും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
സൗദി അറേബ്യക്കുനേരെ മിസൈല്‍ ആക്രമണം നടത്തിയ ഹൂത്തി പോരാളികളെ പിന്തുണക്കുന്ന ഇറാനുമായി പാകിസ്ഥാന്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. എങ്കിലും, തന്ത്രപ്രധാനമായ തലത്തില്‍ സൗദിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന പാകിസ്ഥാന്‍, കഴിഞ്ഞ മാസം സൗദി അറേബ്യയുമായും തുര്‍ക്കിയുമായും ചേര്‍ന്നുള്ള സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു.
2017 ന് ശേഷം ആദ്യമായി ഹൂത്തികള്‍ മക്കയെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തിയെന്നും, എന്നാല്‍ ആ ഡ്രോണ്‍ വെടിവെച്ചിട്ടെന്നും കഴിഞ്ഞ ആഴ്ച സൗദി അറേബ്യ അറിയിച്ചു. മക്ക ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, വ്യാഴാഴ്ച ഹൂത്തികളുടെ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തടഞ്ഞ് തകര്‍ത്തു. വര്‍ഷങ്ങളോളം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ തകരുകയും, യെമന്‍ വിശാലമായ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഉള്‍പ്പെടുകയും ചെയ്ത ജൂലൈ മാസം മുതല്‍ ഹൂത്തികള്‍ സൗദി അറേബ്യക്കെതിരെ നടത്തിവരുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഈ മിസൈല്‍ ആക്രമണങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







