ജിദ്ദ– രോഗനിർണ്ണയത്തിനും ചികിത്സാ പദ്ധതികൾ നിർദ്ദേശിക്കുന്നതിനുമായി കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നതിനെതിരെ സൗദി ആരോഗ്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഇത്തരം സാങ്കേതികവിദ്യകൾ ഒരിക്കലും യോഗ്യതയുള്ള ഒരു ഡോക്ടർക്ക് പകരമാകില്ലെന്നും, ഇവയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി ചികിത്സാ തീരുമാനങ്ങൾ എടുക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ അവബോധ പ്ലാറ്റ്‌ഫോമായ ‘ലൈവ് ഹെൽത്തി’യിലൂടെയാണ് മന്ത്രാലയം ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ടത്.
മന്ത്രാലയത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ:
- എ.ഐ ഉപയോഗം ബോധവൽക്കരണത്തിന് മാത്രം: മെഡിക്കൽ പദാവലികൾ ലളിതമായി മനസ്സിലാക്കാനും, ആരോഗ്യവിവരങ്ങളെക്കുറിച്ചുള്ള പൊതുവായ ധാരണ വർദ്ധിപ്പിക്കാനും, ഡോക്ടറെ കാണുമ്പോൾ ചോദിക്കേണ്ട സംശയങ്ങളുടെ പട്ടിക തയ്യാറാക്കാനും മാത്രമേ എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കാവൂ.
- പരിശോധനാ ഫലങ്ങൾ വ്യാഖ്യാനിക്കരുത്: ലാബ് പരിശോധനാ ഫലങ്ങൾ വ്യാഖ്യാനിക്കാനോ, അന്തിമ രോഗനിർണ്ണയം നടത്താനോ, അസാധാരണമായ സൂചകങ്ങൾ വെച്ച് ചികിത്സാ പദ്ധതി തയ്യാറാക്കാനോ എ.ഐയോട് ആവശ്യപ്പെടരുത്.
- സ്വയം ചികിത്സ അപകടകരം: കൃത്യവും ബോധ്യപ്പെടുത്തുന്നതുമായ മറുപടികൾ നൽകുന്നുണ്ടെങ്കിലും എ.ഐ നൽകുന്നത് സമഗ്രമായ ഒരു മെഡിക്കൽ വിലയിരുത്തലല്ല. രോഗിയുടെ മെഡിക്കൽ ചരിത്രം, ലക്ഷണങ്ങൾ, നിലവിൽ ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുന്നത്. എ.ഐയെ ആശ്രയിക്കുന്നത് ശരിയായ ചികിത്സ വൈകാനും, ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ കഴിക്കാനും ഇടയാക്കും.
ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കുക
ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടേഷനുകൾക്കുമായി 937 എന്ന ഹെൽത്ത് കോൾ സെന്റർ, ‘സിഹതീ’ ആപ്ലിക്കേഷൻ എന്നിവ പോലുള്ള അംഗീകൃത ചാനലുകൾ ഉപയോഗിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. മെഡിക്കൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ലൈസൻസ് ഉറപ്പുവരുത്തണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആരോഗ്യമേഖലയിലെ എ.ഐ സഹായം
ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സൗദി ആരോഗ്യമേഖല എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. സിഹതീ ആപ്പിലെ ‘എ.ഐ സിംപ്റ്റം ചെക്കർ’, സിഹ വെർച്വൽ ഹോസ്പിറ്റൽ എന്നിവ ഇതിന് ഉദാഹരണമാണ്. കൺസൾട്ടേഷന് മുൻപായി രോഗിയുടെ ലക്ഷണങ്ങളുടെ സംഗ്രഹം തയ്യാറാക്കി ഡോക്ടറെ സഹായിക്കുക മാത്രമാണ് ഈ സംവിധാനങ്ങൾ ചെയ്യുന്നത്. അല്ലാതെ, ചികിത്സാ തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ്ണ അധികാരം യോഗ്യതയുള്ള ഡോക്ടർമാർക്ക് തന്നെയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



