ഗാസ – മഞ്ഞരേഖക്ക് അപ്പുറത്തുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായില്‍ ആസൂത്രിതമായി നശിപ്പിക്കുകയാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. ഇത് തടയാന്‍ മധ്യസ്ഥരുടെ ഇടപെടല്‍ ആവശ്യമാണെന്ന് ഹമാസ് വക്താവ് ട്വീറ്റില്‍ അറിയിച്ചു.
ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതു മുതല്‍ ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുകയാണ്. ഇസ്രായില്‍ സൈന്യം പിന്‍വാങ്ങിയ മഞ്ഞരേഖക്ക് അപ്പുറത്തും സൈന്യം ആക്രമണങ്ങള്‍ നടത്തുന്നു. ഗാസ സിറ്റിക്ക് കിഴക്ക് മഞ്ഞരേഖ മറികടന്ന് ഇസ്രായില്‍ സൈന്യം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ വിപുലീകരിച്ചതോടെ ഡസന്‍ കണക്കിന് ഗാസ നിവാസികള്‍ കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള മഞ്ഞ മേഖലകളില്‍ പ്രവേശിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഗാസ നഗരത്തിന് കിഴക്കുള്ള കുടിയിറക്കപ്പെട്ട ആളുകളുടെ മേല്‍ ഇസ്രായില്‍ സൈന്യം ലഘുലേഖകള്‍ വര്‍ഷിച്ചു.
ഗാസ നഗരത്തിന് കിഴക്കുള്ള ശുജാഇയ ഡിസ്ട്രിക്ടില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇസ്രായില്‍ സൈന്യം ഷെല്ലാക്രമണം നടത്തിവരികയാണ്. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലും റാഫയിലും സൈന്യം വ്യോമാക്രമണം നടത്തി. റഫയില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള ഭാഗത്ത് ഭൂഗര്‍ഭ തുരങ്കത്തില്‍ നിന്ന് പുറത്തുവന്ന അഞ്ചു പോരാളികളെ വ്യോമാക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. 15 പോരാളികളുടെ ഒരു സംഘം പ്രദേശത്ത് നിലയുറപ്പിച്ച ഇസ്രായില്‍ സേനയെ സമീപിച്ച് അവര്‍ക്ക് നേരിട്ടുള്ള ഭീഷണി ഉയര്‍ത്തുകയായിരുന്നെന്ന് സൈന്യം കൂട്ടിച്ചേര്‍ത്തു. 2025 ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷം ഇസ്രായില്‍ സൈന്യം പിന്‍വാങ്ങിയ പ്രദേശം അടയാളപ്പെടുത്തുന്ന മഞ്ഞരേഖക്ക് പുറത്താണ് സംഭവം നടന്നതെന്ന് സൈന്യം പറഞ്ഞു.
കുട്ടികള്‍ അടക്കം സിവിലിയന്മാര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. 2023 ഒക്ടോബര്‍ ഏഴിന് ഗാസ അതിര്‍ത്തിയിലെ ഇസ്രായിലി കുടിയേറ്റ കോളനികളിലും സൈനിക താവളങ്ങളിലും ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിലേക്ക് തിരിച്ചുപോകുമോ എന്ന ഭയം തകര്‍ന്നതും ഉപരോധിക്കപ്പെട്ടതുമായ ഗാസ മുനമ്പിലെ നിവാസികളില്‍ പുതിയ ഇസ്രായിലി ആക്രമണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.



