വാഷിംഗ്ടണ്‍ – ഗാസ സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗം ഈ മാസം 19 ന് വിളിച്ചുചേര്‍ക്കാന്‍ വൈറ്റ് ഹൗസ് പദ്ധതിയിടുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ ട്രംപ് ഭരണകൂടം രാജ്യങ്ങളെ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യോഗം വാഷിംഗ്ടണില്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും ആക്‌സിയോസ് കൂട്ടിച്ചേര്‍ത്തു. ഗാസ സമാധാന ബോര്‍ഡില്‍ ചേരാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതിച്ചതായും ആക്‌സിയോസ് സൂചിപ്പിച്ചു. ഈ യോഗം സമാധാന ബോര്‍ഡിന്റെ ആദ്യ യോഗവും ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള ധനസമാഹരണ സമ്മേളനവുമായിരിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ യോഗം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നതായി ആക്‌സിയോസ് വ്യക്തമാക്കി.
നേതാക്കളെ ക്ഷണിക്കാനും ലോജിസ്റ്റിക്കല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഡസന്‍ കണക്കിന് രാജ്യങ്ങളെ യു.എസ് ഭരണകൂടം ബന്ധപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ജനുവരി 22 ന് ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി 19 രാജ്യങ്ങളുടെ പ്രതിനിധികള്‍ സമാധാന ബോര്‍ഡ് ചാര്‍ട്ടറില്‍ ഒപ്പുവെച്ചു. മറ്റ് രാജ്യങ്ങളും ബോര്‍ഡില്‍ ചേര്‍ന്നിട്ടുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട അന്താരാഷ്ട്ര സ്ഥാപനമാണ് ബോര്‍ഡ് ഓഫ് പീസ്. ഗാസയിലെ പരിവര്‍ത്തന ഘട്ടത്തിനും പുനര്‍നിര്‍മ്മാണത്തിനും മേല്‍നോട്ടം വഹിക്കുക എന്നതാണ് ബോര്‍ഡിന്റെ ഉദ്ദേശ്യം. പ്രസിഡന്റ് ട്രംപ് ബോര്‍ഡിന്റെ സ്ഥിരാധ്യക്ഷനാണ്. പ്രമുഖ അമേരിക്കന്‍ വ്യക്തികളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ബോര്‍ഡില്‍ ഉള്‍പ്പെടുന്നു.
ഗാസ സമാധാന പദ്ധതി നടപ്പാക്കുക മാത്രമല്ല, ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്ന് ട്രംപ് പറയുന്നു. ഇത് ഐക്യരാഷ്ട്രസഭയുടെ പങ്ക് ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക ചില വിദഗ്ധരില്‍ ഉളവാക്കിയിട്ടുണ്ട്. ഈ സംരംഭത്തില്‍ ചേരാനുള്ള ട്രംപിന്റെ ആഹ്വാനത്തോട് ലോക രാജ്യങ്ങള്‍ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ചില സഖ്യകക്ഷികള്‍ സമാധാന ബോര്‍ഡില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും യു.എസിന്റെ പരമ്പരാഗത പാശ്ചാത്യ പങ്കാളികളില്‍ പലരും ഇതുവരെ പങ്കെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം അവസാനം അനാച്ഛാദനം ചെയ്ത ട്രംപിന്റെ ഗാസ പദ്ധതി പ്രകാരം, ഗാസയിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാധാന ബോര്‍ഡ് മേല്‍നോട്ടം വഹിക്കും. എന്നാല്‍ ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായി ബോര്‍ഡ് വികസിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് പിന്നീട് കൂട്ട്ചേർത്തു.
ഒരു വിദേശ പ്രദേശത്തിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡിന് ട്രംപ് മേല്‍നോട്ടം വഹിക്കുന്നത് കൊളോണിയല്‍ ഘടനയോട് സാമ്യമുള്ളതാണെന്ന് മനുഷ്യാവകാശ വിദഗ്ധര്‍ പറയുന്നു. ഗാസ സമാധാന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡില്‍ ഫലസ്തീനികളെ ഉള്‍പ്പെടുത്താത്തതിനെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു.
ഒക്‌ടോബര്‍ പത്തിന് നിലവില്‍വന്ന ഗാസയിലെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ ആവര്‍ത്തിച്ച് ലംഘിക്കപ്പെട്ടു. വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷം 576 ഫലസ്തീനികളും നാല് ഇസ്രായിലി സൈനികരും കൊല്ലപ്പെട്ടു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ രക്തസാക്ഷികളായവരുടെ എണ്ണം 72,027 ആയി ഉയര്‍ന്നതായും 1,71,561 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് രക്തസാക്ഷികളുടെ മൃതദേഹങ്ങളും 25 പരിക്കേറ്റവരും ഗാസയിലെ ആശുപത്രികളില്‍ എത്തിയതായി ഗാസ മുനമ്പിലെ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



