വാഷിംഗ്ടൺ– അന്തരിച്ച കുപ്രസിദ്ധ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഇസ്രായിലിന്റെ രഹസ്യവിവര ശേഖരണ-ചാര സംഘടനയായ മൊസാദ് ഉൾപ്പെടെയുള്ള ഉന്നതതലങ്ങളുമായി വ്യക്തമായ ബന്ധമുണ്ടായിരുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വെളിപ്പെടുത്തി. പ്രമുഖ പോഡ്കാസ്റ്റർ ജോ റോഗനുമായി നടത്തിയ ദീർഘമായ അഭിമുഖത്തിലാണ് ജെ.ഡി. വാൻസ് ഇക്കാര്യം തുറന്നുപറഞ്ഞത്. എപ്സ്റ്റീന്റെ ഇസ്രായിൽ ബന്ധങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെ, അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏറ്റവും ഉയർന്ന തലങ്ങളുമായി എപ്സ്റ്റീന് വ്യക്തമായ ബന്ധമുണ്ടായിരുന്നതുപോലെ തന്നെ ഇസ്രായിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉന്നതതലങ്ങളുമായും അയാൾക്ക് ബന്ധങ്ങളുണ്ടായിരുന്നുവെന്ന് വാൻസ് വ്യക്തമാക്കി. ഇസ്രായിലിലെ എപ്സ്റ്റീന്റെ സ്വാധീനം അവിടുത്തെ ഇടതുപക്ഷ ആഭിമുഖ്യമുള്ള രാഷ്ട്രീയ-ഭരണ വൃത്തങ്ങളിലായിരുന്നുവെന്നും, ഇസ്രായിൽ രാഷ്ട്രീയത്തിലെ വലതുപക്ഷ ചിന്താഗതിക്കാരുമായി അയാൾക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
അഭിമുഖത്തിനിടെ, ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ട്രംപ് ഭരണകൂടത്തിന് തീർച്ചയായും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സമ്മതിച്ചു. മുൻ അറ്റോർണി ജനറൽ പാം ബോണ്ടിയുടെ ഭാഗത്തുനിന്നുണ്ടായ ആശയവിനിമയ തകരാറുകളെയാണ് വാൻസ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്. എപ്സ്റ്റീന്റെ കസ്റ്റമർമാരുടെ ലിസ്റ്റ് തന്റെ മേശപ്പുറത്തുണ്ടെന്ന് പാം ബോണ്ടി മുൻപ് പ്രസ്താവിച്ചിരുന്നു. ട്രംപ് സ്ഥാനത്തുനിന്ന് നീക്കിയ പാം ബോണ്ടിയുടെ നേതൃത്വത്തിലുള്ള നീതിന്യായ വകുപ്പ്, കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകർക്കും സ്വാധീനമുള്ളവർക്കും ‘ദി എപ്സ്റ്റീൻ ഫയൽസ്: ഫേസ് 1’, ‘ഡിക്ലാസിഫൈഡ്’ എന്നീ പേരുകളിലുള്ള ഫയലുകൾ കൈമാറിയിരുന്നു.
തനിക്ക് പാമിനെ വ്യക്തിപരമായി അറിയാമെന്നും ഇതിന് പിന്നിൽ മോശമായ ഉദ്ദേശ്യങ്ങൾ ഒന്നും ഉണ്ടായിരുന്നതായി കരുതുന്നില്ലെന്നും വാൻസ് പറഞ്ഞു. ആ രാഷ്ട്രീയ സാഹചര്യത്തോട് പ്രതികരിക്കാനാണ് അവർ ശ്രമിച്ചതെന്നും എന്നാൽ തങ്ങളുടെ പക്കൽ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഉണ്ടെന്ന് അവർ അതിശയോക്തിപരമായി പറഞ്ഞുപോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോണ്ടിയുടെ ഈ പ്രസ്താവനകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതായും എപ്സ്റ്റീൻ ഫയലുകളിലെ സുതാര്യത ഉറപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളിൽ ജനങ്ങൾക്ക് അവിശ്വാസം ഉണ്ടാകാൻ ഇത് കാരണമായതായും വാൻസ് സമ്മതിച്ചു. എപ്സ്റ്റീൻ ഫയലുകളിലെ ആശയവിനിമയത്തിൽ തങ്ങൾക്ക് പൂർണ്ണമായും തെറ്റുപറ്റിയെന്നും എന്നാൽ എന്തെങ്കിലും ഒളിച്ചുവെക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഈ തെറ്റ് സംഭവിച്ചതെന്ന് കരുതുന്നില്ലെന്നും വാൻസ് കൂട്ടിച്ചേർത്തു.



