കയ്റോ – സൗദി അറേബ്യയും പാകിസ്ഥാനും തുര്‍ക്കിയും ഉള്‍പ്പെട്ട മക്ക സംയുക്ത പ്രതിരോധ കരാറില്‍ ചേരുന്ന കാര്യം ഈജിപ്ത് പഠിക്കുന്നതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി വ്യക്തമാക്കി. സൗദി അറേബ്യയുടെ സുരക്ഷ ഈജിപ്ഷ്യന്‍, അറബ് ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. ഏത് ആക്രമണത്തിനെതിരെയും ഈജിപ്ത് സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുകയും പിന്തുണക്കുകയും ചെയ്യും. മക്ക കരാറില്‍ ചേരുന്ന വിഷയം ഈജിപ്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.
ചതുര്‍കക്ഷി തലത്തിലും ഉഭയകക്ഷി ബന്ധങ്ങളിലൂടെയും സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന് എന്നിവയുമായി ഈജിപ്ത് ശക്തമായി സഹകരിക്കുന്നുണ്ട്. സാങ്കേതിക, സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളില്‍ നാല് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നത് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്. അന്താരാഷ്ട്ര നിയമ ലംഘനവും രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ ലംഘനങ്ങളും നേരിടുന്നതില്‍ സംയുക്ത നടപടിയെടുക്കുന്നതിനൊപ്പം, മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും എങ്ങിനെ നേരിടാമെന്നതിനെ കുറിച്ചും പൊതു കാഴ്ചപ്പാടില്‍ എത്തിച്ചേരുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ നടന്ന നാല് രാജ്യങ്ങളിലെയും വിദേശ മന്ത്രിമാരുടെ യോഗം സൗദി അറേബ്യയോടുള്ള വ്യക്തമായ ഐക്യദാര്‍ഢ്യം പ്രതിഫലിപ്പിക്കുന്നു. അറബ് പ്രാദേശിക സുരക്ഷയുടെയും മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയുടെയും അനിവാര്യ ഭാഗമാണ് സൗദി അറേബ്യയുടെ സുരക്ഷ എന്നതിനാല്‍, സൗദി അറേബ്യയെ ലക്ഷ്യം വെച്ചുള്ള ഏതൊരു ആക്രമണത്തിനും എതിരെ ഏകീകൃത നിലപാടാണുള്ളത്.
ഈജിപ്ത് പൂര്‍ണ്ണഹൃദയത്തോടെ സൗദി അറേബ്യയോടൊപ്പം നിലകൊള്ളുന്നു. സൗദി അറേബ്യക്കുള്ള ഈജിപ്തിന്റെ പിന്തുണ വാക്കിലും പ്രവൃത്തിയിലും പ്രകടമാണ്. അറബ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സൗദി അറേബ്യക്ക് ആവശ്യമായ ഏത് പിന്തുണയും നല്കാന് ഈജിപ്ത് മടിക്കില്ല.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ഈജിപ്ത് സന്ദര്‍ശന വേളയില്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ഐക്യദാര്‍ഢ്യ സന്ദേശം നല്കി. സൗദി അറേബ്യയുടെ സുരക്ഷ ഈജിപ്ഷ്യന്‍, അറബ് ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. സൗദി അറേബ്യയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ ഈജിപ്ത് നിരസിക്കുന്നു. മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കണം. തുടര്‍ച്ചയായ സംഘര്‍ഷം കൂടുതല്‍ പ്രതിസന്ധികളിലേക്കും പിരിമുറുക്കത്തിലേക്കും മാത്രമേ നയിക്കൂ.
ചരിത്രാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈജിപ്തിന്റെ നിലപാട്, സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെയും സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും രാഷ്ട്രീയ പരിഹാരങ്ങള്‍ തേടുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു. സൈനിക പരിഹാരങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിനും അസ്ഥിരതക്കും കാരണമാകുമെന്നും ബദര്‍ അബ്ദുല്‍ആത്തി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







