ഓസ്ട്രേലിയ: പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തുള്ള ക്രിസ്മസ് ദ്വീപിലൂടെ ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകൾ ചൊവ്വാഴ്ച സമുദ്രത്തിലേക്ക് കൂട്ടത്തോടെ ഇഴഞ്ഞുനീങ്ങി. ഇവയുടെ വാർഷിക ദേശാടന യാത്രയുടെ ഭാഗമായാണ് ഈ പ്രതിഭാസം. ഈ കൂട്ടപ്പലായനത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ ഞണ്ടുകൾക്ക് കടന്നുപോകാനുള്ള അടിപ്പാതകൾ വൃത്തിയാക്കുകയും, പ്രത്യേക പാലങ്ങൾ (ക്രാബ് ബ്രിഡ്ജുകൾ) നിർമ്മിക്കുകയും, കിലോമീറ്ററുകളോളം റോഡരികിൽ വേലികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴ ആരംഭിക്കുന്നതോടെയാണ് ഞണ്ടുകൾ കാടുകളിൽ നിന്നും കടലിലേക്ക് യാത്ര തിരിക്കുന്നത്.
പാർക്സ് ഓസ്ട്രേലിയയുടെ (Parks Australia) കണക്കനുസരിച്ച്, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുമായി (lunar cycle) ബന്ധപ്പെട്ടാണ് ഈ കൂട്ടപ്പലായനം നടക്കുന്നത്. ചന്ദ്രന്റെ അവസാന പാദത്തിൽ (last quarter), വേലിയേറ്റം സമയത്ത് പ്രഭാതത്തിന് മുൻപായി മുട്ടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഞണ്ടുകൾ കടലിലേക്ക് നീങ്ങുന്നത്.
“ഈ വർഷത്തെ ഞണ്ടുകളുടെ പലായനം തികച്ചും അവിസ്മരണീയമായിരുന്നു,” ക്രിസ്മസ് ഐലൻഡ് നാഷണൽ പാർക്കിലെ നാച്ചുറൽ റിസോഴ്സ് മാനേജർ ബ്രെൻഡൻ ടിയർനൻ പറഞ്ഞു. റോഡുകൾ മുഴുവൻ ചുവന്ന ഞണ്ടുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഈ ചെറിയ ദ്വീപിൽ ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ആളുകൾ കാറുകളിൽ നിന്ന് പുറത്തിറങ്ങി ഞണ്ടുകളെ വശങ്ങളിലേക്ക് നീക്കിയാണ് യാത്ര തുടർന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രജനനത്തിനായി ഞണ്ടുകൾ കടലിലേക്ക് നടത്തുന്ന ഈ പാരിസ്ഥിതിക പ്രതിഭാസം ലോകത്ത് മറ്റൊരിടത്തും ഇത്രയും വലിയ തോതിൽ നടക്കുന്നില്ലെന്ന് ടിയർനൻ വ്യക്തമാക്കി. ചിലപ്പോൾ ഞങ്ങൾ ഇതിനെ ‘ചുവന്ന ഞണ്ടുകളുടെ ദ്വീപ്’ എന്ന് വിളിക്കാറുണ്ട്; നമ്മുടെ ആവാസവ്യവസ്ഥയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും വിനോദസഞ്ചാരത്തിനും ഈ ഞണ്ടുകൾ എത്രത്തോളം പ്രധാനമാണെന്ന് ദ്വീപിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇണചേരലിനുശേഷം ആൺഞണ്ടുകൾ തിരികെ കാട്ടിലേക്ക് മടങ്ങും. എന്നാൽ പെൺഞണ്ടുകൾ മുട്ടയിടുന്നതിനായി ഏകദേശം രണ്ടാഴ്ചയോളം മാളങ്ങളിൽ തന്നെ തുടരും. ഓരോ പെൺഞണ്ടിനും ഒരു ലക്ഷം മുട്ടകൾ വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഇവ പിന്നീട് കടലിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
“ദശലക്ഷക്കണക്കിന് ഞണ്ടുകളാൽ ചുറ്റപ്പെട്ട് നിൽക്കുന്നത് കണ്ട് ചിലർ ഭയപ്പെട്ടുപോയി. എന്നാൽ മറ്റുചിലർ ഈ കാഴ്ചയിൽ പൂർണ്ണമായും ലയിച്ചുചേർന്നു. നിലത്ത് കിടന്ന് ശരീരം മുഴുവൻ ചുവന്ന ഞണ്ടുകളെക്കൊണ്ട് മൂടുന്ന രീതിയിലുള്ള ‘റെഡ് ക്രാബ് ഏഞ്ചൽ’ വരെ ചിലർ ചെയ്തു,” ടിയർനൻ പറഞ്ഞു.



