തിരുവനന്തപുരം: പ്രവാസി മലയാളികളുടെ നിക്ഷേപവും വൈദഗ്ധ്യവും സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം 2026’ ശ്രദ്ധേയമാകുന്നു. വ്യവസായ പാർക്കുകളും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളും ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്ന് കോടി രൂപ വരെയാണ് പദ്ധതിയിലൂടെ സർക്കാർ ധനസഹായം നൽകുന്നത്. സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം? സ്വന്തമായി ഭൂമിയുള്ളവർക്കും, കുറഞ്ഞത് 30 വർഷത്തെ പാട്ടക്കരാറിൽ ഭൂമി കൈവശമുള്ള തിരിച്ചെത്തിയ പ്രവാസികൾക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രവാസികളുടെ ജീവിതപങ്കാളി, മക്കൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. കൂടാതെ, പ്രവാസികൾക്ക് പ്രധാന ഓഹരി പങ്കാളിത്തമുള്ള കമ്പനികൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, രജിസ്റ്റർ ചെയ്ത പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോർഷ്യങ്ങൾ എന്നിവയ്ക്കും ഈ ആനുകൂല്യം ലഭിക്കും.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
- ധനസഹായം: റോഡ്, വൈദ്യുതി, ജലവിതരണം, ഡ്രൈനേജ്, മാലിന്യ സംസ്കരണ പ്ലാന്റുകൾ (ETP, CETP) തുടങ്ങിയ പൊതുഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് 3 കോടി രൂപ വരെ റീഇംബേഴ്സ്മെന്റ് അടിസ്ഥാനത്തിൽ വ്യവസായ വകുപ്പ് നൽകുന്നത്.
- രണ്ട് വിഭാഗങ്ങൾ: ഭൂമിയുടെ വിസ്തൃതി അനുസരിച്ച് പദ്ധതികളെ രണ്ടായി തിരിച്ചിട്ടുണ്ട്:
- സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (3 മുതൽ 7 ഏക്കർ വരെ): കുറഞ്ഞത് 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ബഹുനില കെട്ടിട സമുച്ചയമാണിത്. ഇതിൽ കുറഞ്ഞത് 1,000 ചതുരശ്ര അടി വീതമുള്ള അഞ്ച് യൂണിറ്റുകളെങ്കിലും ഉണ്ടായിരിക്കണം.
- വ്യവസായ പാർക്ക് (7 മുതൽ 15 ഏക്കർ വരെ): വലിയ തോതിലുള്ള വ്യവസായ പാർക്കുകൾക്കായുള്ള വിഭാഗമാണിത്.
- പ്രത്യേക ഇളവുകൾ: അനുമതി ലഭിക്കുന്ന വ്യവസായ പാർക്കുകൾക്ക് സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന്റെ സേവനവും കെട്ടിട നിർമാണ ചട്ടങ്ങളിൽ പ്രത്യേക ഇളവുകളും ലഭിക്കും.
സംസ്ഥാനത്തേക്ക് കൂടുതൽ പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി വഴിയൊരുക്കും. വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിനും ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കുമാണ് (DIC) നിർവഹണ ചുമതല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കുമായി അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.



