വാഷിംഗ്ടൺ– ഇസ്രായേലിനുള്ള യു.എസ്. ആയുധ വിൽപ്പന പൂർണ്ണമായി നിർത്തിവെക്കണമെന്നും സൈനിക സഹായം അവസാനിപ്പിക്കണമെന്നും മിഷിഗണിൽ നിന്നുള്ള നിയുക്ത ഡെമോക്രാറ്റിക് സെനറ്റർ അബ്ദുൽ അൽസയ്യിദ് ആവശ്യപ്പെട്ടു. ഇസ്രായേലിനുള്ള സൈനിക സഹായം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത ജനുവരിയോടെ ഇസ്രായേലിനുള്ള സൈനിക സഹായം നിർലാക്കുന്ന വിഷയത്തിൽ ട്രംപിന്റെ നിലപാടിനോട് യോജിക്കുന്നുവെന്ന് അൽസയ്യിദ് പ്രസ്താവിച്ചു. “അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരതകൾ കാട്ടുന്ന വിദേശ സൈന്യങ്ങൾക്ക് ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം. ഇസ്രായേലിനുള്ള സഹായവും ആയുധ വില്പനയും ഘട്ടമായി നിർത്തിവെക്കാൻ ട്രംപുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ സർക്കാരിന്റെ നയങ്ങളെയും ജൂതമതത്തെയും രണ്ടായി കാണണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂതജനതയെയും ഇസ്രായേൽ രാഷ്ട്രത്തിന്റെ പ്രവർത്തനങ്ങളെയും വേർതിരിച്ചറിയണമെന്നും ഇസ്രായേൽ സർക്കാരിനോടുള്ള വിയോജിപ്പ് ജൂതമതത്തോടുള്ള നിലപാടായി കൂട്ടിക്കുഴക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം സെനറ്ററായി ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് അടുത്തിടെയാണ് അബ്ദുൽ അൽസയ്യിദ് തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്രായേലിനുള്ള സൈനിക സഹായം നിർത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അൽസയ്യിദിന്റെ പ്രതികരണം. ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത അദ്ദേഹം, സൈനിക സഹായം നിർത്തുന്നതിനൊപ്പം ആയുധ വില്പന കൂടി പൂർണ്ണമായി നിരോധിക്കുന്ന രീതിയിലേക്ക് ഈ തീരുമാനം വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടു.



