മുംബൈ- ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി നിലനിൽക്കുന്ന ബിസിസിഐ 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട്. ഇതിൽ 5,761 കോടി രൂപയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംഭാവനയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഐപിഎല്ലിന്റെ ടൈറ്റിൽ റൈറ്റ്സ്, മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പുകൾ എന്നിവയിലൂടെ മാത്രമല്ല, അന്താരാഷ്ട്ര ടൂർണമെൻറുകളുടെ സംപ്രേക്ഷണാവകാശം ഉൾപ്പെടെയുള്ള ഇടപാടുകളിൽ നിന്ന് 361 കോടി രൂപയും ബിസിസിഐ നേടുകയും ചെയ്തു.
കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് (ഐപിഎൽ) സീസണിനുശേഷം അമേരിക്കൻ ഇൻവെസ്റ്റ്മെൻ്റ് ബാങ്കായ ‘ഹുളിഹാൻ ലോക്കി’ നടത്തിയ പഠനത്തിൽ ലീഗിൻ്റെ ബിസിനസ് മൂല്യം 1.56 ലക്ഷം കോടി രൂപയായി ഉയർന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ഇത് 1.34 ലക്ഷം കോടി രൂപയായിരുന്നു. ഇതിനൊപ്പം ബ്രാൻഡ് മൂല്യം 32,721 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സീസണിലെ 27,958 കോടി രൂപയിൽനിന്നാണ് ഈ വളർച്ച.
ടാറ്റ ഗ്രൂപ്പ് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് 2028 വരെ നീട്ടിയതോടെ 2,500 കോടി രൂപയും അസോസിയേറ്റ് സ്പോൺസർമാർ വഴി 1,485 കോടി രൂപയും ബിസിസിഐക്ക് ലഭിച്ചു. അസോസിയേറ്റ് സ്പോൺസർഷിപ്പിൽ മാത്രം 25 ശതമാനത്തിൻറെ വർധനയുണ്ടായതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ മുൻനിര ആഭ്യന്തര റെഡ്-ബോൾ ടൂർണമെന്റായ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ വാണിജ്യവൽക്കരിക്കുന്നതുവഴി വലിയ സാധ്യതകളാണ് ബിസിസിഐക്ക് മുന്നിലുള്ളതെന്നും എന്നാൽ ബോർഡ് ഇപ്പോഴും അവയുടെ പൂർണ വരുമാന ശേഷി തിരിച്ചറിഞ്ഞിട്ടില്ലെന്നും റീഡിഫ്യൂഷൻ മേധാവി സന്ദീപ് ഗോയൽ പറഞ്ഞു.
നിലവിൽ ബിസിസിഐയുടെ കരുതൽ ധനം 30,000 കോടി രൂപയാണ്. അതിൽ നിന്ന് മാത്രം വർഷംതോറും 1,000 കോടി രൂപ പലിശയിനത്തിൽ ലഭിക്കുന്നു. വരാനിരിക്കുന്ന വർഷങ്ങളിൽ ബിസിസിഐക്ക് പ്രതിവർഷം 10–12 ശതമാനം വരുമാന വർധനവിന്റെ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.