ലണ്ടൻ– ഇന്ന് നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ നേരിടും. ഫുൾഹാമിന്റെ തട്ടകമായ ക്രാവൻ കോട്ടേജിലാണ് മത്സരം അരങ്ങേറുക. ചരിത്രം പരിശോധിച്ചാൽ, ഈ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് മുൻതൂക്കം, കഴിഞ്ഞ 29 മത്സരങ്ങളിൽ 23-ലും വിജയം നേടിയിട്ടുണ്ട്. ഫുൾഹാമിന്റെ മൈതാനത്ത് നടന്ന അവസാന എട്ട് മത്സരങ്ങളിലും യുണൈറ്റഡ് ജയിച്ചു.
എന്നിരുന്നാലും, ഇരു ടീമുകളുടെയും സമീപകാല ഫോം പരിഗണിക്കുമ്പോൾ, ഈ മത്സരം കടുത്ത പോരാട്ടമാകാൻ സാധ്യതയുണ്ട്. സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകൾക്കും പോയിന്റുകൾ നേടേണ്ടത് അനിവാര്യമാണ്.
ആഴ്സണലിനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ഗോൾകീപ്പറുടെ പിഴവ് മൂലം മാഞ്ചസ്റ്റർ യുണൈറ്റഡിന് പോയിന്റ് നേടാനായില്ല. ഈ സീസണിലെ ആദ്യ പോയിന്റിനായി പരിശീലകൻ റൂബൻ അമോറിം സമ്മർദ്ദത്തിലാണ്. 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 15-ലും തോറ്റ അദ്ദേഹത്തിന്റെ റെക്കോർഡ് മെച്ചപ്പെടുത്തേണ്ടതുണ്ട്.
മറുവശത്ത്, ബ്രൈറ്റണിനെതിരെ റോഡ്രിഗോ മുനിസിന്റെ അവസാന നിമിഷ ഗോളിലൂടെ സമനില നേടിയ ഫുൾഹാം ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. മാർക്കോ സിൽവയുടെ ടീമിന് ട്രാൻസ്ഫർ വിൻഡോയിൽ വലിയ നേട്ടങ്ങളുണ്ടായില്ലെങ്കിലും, ഹോം ഗ്രൗണ്ടിലെ പിന്തുണയും സ്ഥിരതയും അവരെ ശക്തരാക്കുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആക്രമണനിരയിലെ ബ്രയാൻ എംബ്യൂമോ, ബെഞ്ചമിൻ സെസ്കോ, കുൻഹ എന്നിവർ മത്സരത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. സെസ്കോ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടംനേടുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ സമയം രാത്രി 9.pm നാണ് മത്സരം അരങ്ങേറുക (സൗദി സമയം 6.30.pm)
ഇന്നത്തെ മറ്റു പ്രീമിയർ ലീഗ് മത്സരങ്ങൽ
ക്രിസ്റ്റൽ പാലസ് vs നോട്ടിംങ്ഹാം ഫോറസ്റ്റ്– ഇന്ത്യൻ സമയം വൈകീട്ട് 6.30pm (സൗദി സമയം 4pm)
എവർട്ടൺ vs ബ്രൈട്ടൻ – ഇന്ത്യൻ സമയം 6.30pm (സൗദി സമയം 4pm)






