അറ്റ്ലാന്റ – ഒടുവിൽ ലോകം കാത്തിരുന്ന ആ ക്ലാസിക് പോരാട്ടത്തിന് വേദിയുണരുകയായി. തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ച് കിരീടം നിലനിർത്താൻ ലയണൽ മെസ്സിയും അർജന്റീനയും കോപ്പുകൂട്ടുമ്പോൾ, 1966-ലെ കിരീടനേട്ടത്തിന് ശേഷം നീണ്ട 60 വർഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഫൈനലിലേക്ക് മുന്നേറാനാണ് തോമസ് ട്യുച്ചലിന്റെ ഇംഗ്ലണ്ട് ബൂട്ട് കെട്ടുന്നത്. ഫിഫ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇന്ന് ലയണൽ മെസ്സിയുടെ അർജന്റീനയും തോമസ് ട്യുച്ചലിന്റെ ഇംഗ്ലണ്ടും തമ്മിൽ മാറ്റുരയ്ക്കുമ്പോൾ അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ പടയൊരുക്കം പൂർത്തിയായിക്കഴിഞ്ഞു. *ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ് ഈ പോരാട്ടം അരങ്ങേറുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ കാരണങ്ങളാൽ ഫ്രണ്ട്ലി മത്സരങ്ങൾ പോലും നടക്കാറില്ല എന്നതിനാൽ ഫുട്ബോൾ ലോകം ഏറെ കൗതുകത്തോടെയാണ് ഈ മത്സരത്തെ നോക്കിക്കാണുന്നത്. 21 വർഷത്തോളം നീണ്ട മെസ്സിയുടെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഇംഗ്ലണ്ടിനെതിരെ ബൂട്ട് കെട്ടാൻ പോകുന്നത്. 2002 ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലാണ് ഇരുടീമുകളും അവസാനമായി ഒരു ഔദ്യോഗിക ടൂർണമെന്റിൽ നേർക്കുനേർ വന്നത്. അതിനുശേഷം 2005-ൽ ഒരു സൗഹൃദ മത്സരം നടന്നിരുന്നെങ്കിലും, ഹങ്കറിക്കെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിന്റെ സസ്പെൻഷൻ കാരണം 18-ാം വയസ്സിലായിരുന്ന മെസ്സിക്ക് അന്ന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ചരിത്രത്തിലേക്ക് നോക്കിയാൽ ഈ രണ്ട് ടീമുകളും തമ്മിലുള്ള പോരാട്ടങ്ങളാണ് ഫുട്ബോളിൽ പല വിപ്ലവകരമായ മാറ്റങ്ങൾക്കും വഴിവെച്ചത്. കളിക്കളത്തിൽ യെല്ലോ, റെഡ് കാർഡുകൾ നൽകുന്ന രീതി ആരംഭിക്കുന്നത് 1966 ലോകകപ്പിലെ അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ വൈരത്തിൽ നിന്നാണ്. അർജന്റീനൻ ക്യാപ്റ്റൻ റാറ്റിനെ പുറത്താക്കിയ വെംബ്ലിയിലെ ആ വിവാദ മത്സരത്തിന് ശേഷം, കാറിൽ മടങ്ങുകയായിരുന്ന റഫറിമാരുടെ തലവൻ കെന്നത്ത് ജോർജ്ജ് ആസ്റ്റൺ ട്രാഫിക് സിഗ്നലിലെ മഞ്ഞ, ചുവപ്പ് ലൈറ്റുകൾ കണ്ടതിൽ നിന്നാണ് കാർഡുകൾ എന്ന ആശയം കൊണ്ടുവരുന്നത്. അന്ന് വാം അപ്പ് ചെയ്യാൻ പോലും കളിക്കാരെ അനുവദിക്കാതിരുന്നതും, മത്സരശേഷം ഇംഗ്ലണ്ട് മാനേജർ ആൽഫ് റാംസെ അർജന്റീനൻ താരങ്ങളെ ‘മൃഗങ്ങൾ’ എന്ന് വിളിച്ചതും വലിയ വിവാദമായിരുന്നു.
പിന്നീട് 1982-ലെ ഫോൾക്ലാൻഡ് (മൽവിനാസ്) യുദ്ധത്തിന്റെ രാഷ്ട്രീയ വൈര്യവുമായി 1986 ലോകകപ്പ് ക്വാർട്ടറിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അത് ചരിത്രത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ മത്സരമായി മാറി. ഡീഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളും, അതിന് പിന്നാലെ പിറന്ന നൂറ്റാണ്ടിന്റെ ഗോളും പിറന്നത് ഈ മത്സരത്തിലായിരുന്നു. “ഫോൾക്ലാൻഡ് യുദ്ധത്തിൽ ഞങ്ങളുടെ കുഞ്ഞുങ്ങളെ പക്ഷികളെപ്പോലെ കൊന്നൊടുക്കിയ ഇംഗ്ലീഷുകാരോടുള്ള പ്രതികാരത്തിനുള്ള അവസരമായാണ് ഞങ്ങൾ ഈ മത്സരം ഉപയോഗിച്ചത്,” എന്ന് പിന്നീട് മറഡോണ തുറന്നുപറഞ്ഞിരുന്നു.
അതിന് ശേഷം 1998 ലോകകപ്പ് പ്രീ-ക്വാർട്ടറിലെ ആവേശപ്പോരിൽ മൈക്കൽ ഓവന്റെ വണ്ടർ ഗോളും, വെറോൺ-സനേറ്റി കൂട്ടുകെട്ടിന്റെ ബ്രില്ല്യന്റ് ഫ്രീ കിക്ക് ഗോളും നമ്മൾ കണ്ടു. അന്ന് സിമിയോണിയുടെ ട്രാപ്പിൽ വീണ് ഡേവിഡ് ബെക്കാം ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ, പെനാൽറ്റി ഷൂട്ട് ഔട്ടിൽ പോൾ ഇൻസിന്റെയും ഡേവിഡ് ബാറ്റിയുടെയും കിക്കുകൾ തടുത്തിട്ട് അർജന്റീന ഗോളി കാർലോസ് റോവ ഹീറോയായി മാറി. എന്നാൽ 2002 ലോകകപ്പിൽ പൊച്ചെട്ടിനോ ഓവനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ബെക്കാം മധുരപ്രതികാരം വീട്ടി. അന്ന് കരുത്തരായ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് വലിയ പ്രഹേളികയായി ഇന്നും അവശേഷിക്കുന്നു.
പരിക്കൊഴിഞ്ഞ് ഇംഗ്ലണ്ട്; ഡെക്ലാൻ റൈസ് തിരിച്ചെത്തുന്നു, പ്രതിരോധത്തിൽ പരീക്ഷണങ്ങളുമായി തോമസ് ട്യുച്ചൽ
സെമിഫൈനലിന് മുൻപായി ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത് ശുഭവാർത്തകളാണ്. പരിക്കിന്റെയും അസുഖത്തിന്റെയും പിടിയിലായിരുന്ന മുൻനിര താരങ്ങളെല്ലാം ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. മുൻപ് മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് രണ്ട് മത്സരങ്ങളിൽ വിലക്ക് നേരിടുന്ന ജാരെൽ ക്വാൻസയും, കൈത്തണ്ടയ്ക്ക് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായ ജോർദാൻ ഹെൻഡേഴ്സണും മാത്രമാണ് ടീമിലില്ലാത്തത്. സസ്പെൻഷൻ ഭീഷണിയിലായിരുന്ന ജൂഡ് ബെല്ലിങ്ഹാം, നിക്കോ ഒറെയ്ലി, മാർക്ക് ഗുവെഹി, ഡെക്ലാൻ റൈസ് എന്നിവർ മുൻ മത്സരത്തിൽ കാർഡ് വാങ്ങാതെ രക്ഷപ്പെട്ടത് ട്യുച്ചലിന് ആശ്വാസമേകുന്നു.
അർജന്റീനയ്ക്കെതിരെ 4-2-3-1 ശൈലിയിലായിരിക്കും ട്യുച്ചൽ ടീമിനെ വിന്യസിക്കുക. ഗോൾവല കാക്കാൻ ജോർദാൻ പിക്ക്ഫോർഡ് എത്തുമ്പോൾ പ്രതിരോധത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഘാനയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം ആദ്യമായി കളത്തിലിറങ്ങാൻ റീസ് ജെയിംസ് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ജെയിംസിനെ റൈറ്റ് ബാക്കായി കളിപ്പിച്ചാൽ സെന്റർ ബാക്ക് സ്ഥാനത്തേക്ക് ജോൺ സ്റ്റോൺസ്, മാർക്ക് ഗുവെഹി, എസ്രി കോൻസ എന്നിവരിൽ രണ്ടുപേരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. നോർവേയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയ മൂവരിൽ ആരെ ബെഞ്ചിലിരുത്തും എന്നത് ട്യുച്ചലിന് കടുത്ത തീരുമാനമായിരിക്കും. ഇടത് വശത്ത് ഹാംസ്ട്രിങ് പരിക്ക് മാറിയ നിക്കോ ഒറെയ്ലിക്ക് പകരം ഡെഡ് സ്പെൻസും അവസരത്തിനായി കാത്തിരിക്കുന്നുണ്ട്.
മധ്യനിരയിൽ അസുഖബാധിതനായിരുന്ന ഡെക്ലാൻ റൈസ് പൂർണ്ണ കായികക്ഷമതയോടെ തിരിച്ചെത്തി ആൻഡേഴ്സണൊപ്പം കളി മെനയും. ആക്രമണ നിരയിൽ മോശം ഫോമിലുള്ള നോനി മഡുകെക്ക് പകരം കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി വന്ന് തിളങ്ങിയ ബുക്കായോ സാക്ക റൈറ്റ് വിങ്ങിൽ സ്റ്റാർട്ട് ചെയ്തേക്കും. ഒപ്പം സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമും ആന്റണി ഗോർഡനും ചേരുന്ന നിരയുടെ മുന്നേറ്റങ്ങളെ നയിക്കുക ക്യാപ്റ്റൻ ഹാരി കെയ്ൻ ആയിരിക്കും.
മെസ്സി നയിക്കും; വിങ് ബാക്കുകളിലെ ചോർച്ചയടക്കാൻ സ്കലോണി
കഴിഞ്ഞ മത്സരങ്ങളിൽ കേപ് വെർദെ, ഈജിപ്ത്, സ്വിറ്റ്സർലൻഡ് എന്നിവർക്കെതിരെ കടുത്ത പോരാട്ടങ്ങൾ കളിച്ച് ക്ഷീണിതരായ ടീമിൽ ചില അഴിച്ചുപണികൾക്ക് ലയണൽ സ്കലോണി നിർബന്ധിതനായേക്കും. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ സ്വിസ് താരം ഗ്രാനിറ്റ് ഷാക്കയുടെ കൈതട്ടി കണ്ണിന് പരിക്കേറ്റിട്ടും കളി തുടർന്ന ലയണൽ മെസ്സി പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞു. ഈ ലോകകപ്പിലെ അർജന്റീനയുടെ 17 ഗോളുകളിൽ 10 എണ്ണത്തിലും പങ്കാളിയായ മെസ്സിയുടെ സാന്നിധ്യം ടീമിന് നൽകുന്ന കരുത്ത് ചെറുതല്ല. അർജന്റീനൻ നിരയുടെ പ്രധാന തലവേദന അവരുടെ വിങ് ബാക്കുകളുടെയും മധ്യനിരയുടെയും പ്രതിരോധത്തിലെ പാളിച്ചകളാണ്. അർജന്റീനൻ കുട്ടികൾക്ക് ഇതിലപ്പുറം വലിയൊരു സ്വപ്നതുല്യമായ മത്സരം ലഭിക്കാനില്ലെന്നും ജീവൻ കൊടുത്തും വിജയിക്കുമെന്നും ഡിഫൻഡർ റൊമേറോയും പരഡസും വ്യക്തമാക്കിക്കഴിഞ്ഞു. 98-ലും 2002-ലും ഇംഗ്ലണ്ടുമായി മൈതാനത്ത് പോരടിച്ച റോബർട്ടോ അയാളയും പാബ്ലോ അയ്മറും ഇന്ന് പരിശീലക സംഘത്തിലുണ്ട് എന്നത് അർജന്റീനൻ നിരയ്ക്ക് കൂടുതൽ വാശിയേകും.
4-1-2-1-2 ഫോർമേഷനിലായിരിക്കും അർജന്റീന ഇന്ന് കളത്തിലിറങ്ങുക. ഗോൾബാറിന് മുന്നിൽ എമിലിയാനോ മാർട്ടിനെസ് കോട്ട കെട്ടും. പ്രതിരോധത്തിൽ പരിക്കേറ്റ ഫാകുണ്ടോ മെദീന പൂർണ്ണമായി സുഖം പ്രാപിക്കാത്തതിനാൽ സ്വിറ്റ്സർലൻഡിനെതിരെ പകുതി സമയം മാത്രം കളിച്ച ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടിനെസും തന്നെയാകും സെന്റർ ബാക്കുകൾ. വിങ് ബാക്കുകളായ നഹുവൽ മോളിനയും നിക്കോളാസ് ടാഗ്ലിയാഫിക്കോയും ഇന്ന് ആദ്യമേ തന്നെ കളത്തിലിറങ്ങും.
മധ്യനിരയിൽ പ്രതിരോധ കോട്ടയായി ലിയാൻഡ്രോ പരേഡസ് ഇറങ്ങുമ്പോൾ, സൂപ്പർ താരം റോഡ്രിഗോ ഡി പോളിന് പകരം സിമിയോണി ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻസോ ഫെർണാണ്ടസും മധ്യനിരയിൽ കളിമെനയാൻ ഒപ്പമുണ്ടാകും. കഴിഞ്ഞ മൂന്ന് മത്സരങ്ങളും മുഴുവൻ സമയവും കളിച്ച അലക്സിസ് മാക് അലിസ്റ്ററിന് സ്കലോണി വിശ്രമം അനുവദിച്ചാൽ യുവതാരം നിക്കോ പാസിന് വഴിതെളിഞ്ഞേക്കും. മുന്നേറ്റ നിരയിൽ ലയണൽ മെസ്സിക്കൊപ്പം ജൂലിയൻ അൽവാരസ് തന്നെയാകും സ്റ്റാർട്ട് ചെയ്യുക. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയാൽ പകരം ഇറങ്ങാൻ ലൗട്ടാരോ മാർട്ടിനെസും സജ്ജനാണ്.
