മക്ക – ഹജ് സീസണില്‍ ശരിയായ ലൈസന്‍സില്ലാതെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും കര്‍ശന വിലക്കുള്ളതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഇത് ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും ഒരു കോടി റിയാല്‍ പിഴയും ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മുഴുവന്‍ ഭക്ഷ്യ ഫാക്ടറികളും വെയര്‍ഹൗസുകളും ഭക്ഷ്യ നിയമവും അതിന്റെ നടപ്പാക്കല്‍ ചട്ടങ്ങളും പാലിക്കണമെന്ന് അതോറിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും മരുന്നുകളുടെയും സുരക്ഷ ഉറപ്പാക്കുന്നത് ഏറ്റവും വലിയ മുന്‍ഗണനയാണ്. നിയമ ലംഘനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനം സ്വീകരിക്കും. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് പുറത്ത് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കരുത്. അടച്ചിട്ട സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ പ്രവര്‍ത്തനം പുനരാരംഭിക്കാവതല്ല.
അംഗീകൃത മാനദണ്ഡങ്ങളും ആവശ്യകതകളും പൂര്‍ണമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന വിലക്കുണ്ട്. കുറ്റവാളികള്‍ പിഴ, തടവ്, 180 ദിവസം വരെ ഭക്ഷ്യ സംബന്ധിയായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സസ്‌പെന്‍ഷന്‍, ഒരു വര്‍ഷം വരെ ലൈസന്‍സുകള്‍ റദ്ദാക്കല്‍, സസ്‌പെന്‍ഡ് ചെയ്യല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സൗദി ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി തീര്‍ഥാടകരെ പിന്തുണക്കാനായി മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് അതോറിറ്റി പ്രവര്‍ത്തിക്കുന്നു. എല്ലാ സ്ഥാപനങ്ങളും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും 19999 എന്ന ഏകീകൃത നമ്പര്‍ വഴി പൊതുജനങ്ങള്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.



