ഒട്ടേറെ ചലച്ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലെ നായികയായി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടിയാണ് നിഷ സാംരംഗ്. നീലുവെന്ന വീട്ടമ്മയുടെ വേഷം ഭംഗിയായി കൈകാര്യംചെയ്ത് പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടിയ, മികച്ച ജനപ്രിയ നായികക്കുള്ള പുരസ്കാരം അടക്കം നേടിയ നിഷയുടെ ഒരു വെളിപ്പെടുത്തലാണിപ്പോൾ വാർത്തകളിൽ നിറയുന്നത്.
ഒറിജിനൽസ് എന്ന ഒരു യു ട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ തനിക്കൊരു ജീവിത പങ്കാളി വേണമെന്നാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്.


നിഷയുടെ ആദ്യ വിവാഹം പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ അപ്പച്ചിയുടെ മകനുമായുള്ള വിവാഹബന്ധം ഒത്തുപോകാനാകാതെ വന്നതോടെ വേർപ്പെടുത്തുകയായിരുന്നു. അതിൽ രണ്ടു പെൺമക്കളുണ്ട്. മക്കളെ നോക്കാനായി പിന്നീട് വിവാഹചിന്ത മാറ്റിവെച്ച അവർ വയസ്സ് 50 കഴിഞ്ഞാൽ വിവാഹം ആലോചിക്കുമെന്ന് നേരത്തെ മക്കളോട് പറഞ്ഞതായാണ് സാക്ഷ്യപ്പെടുത്തിയത്.
‘മക്കളോട് പണ്ടേ ഒരു കണ്ടീഷൻ പറഞ്ഞിരുന്നു. 50 വയസ്സുവരെയുള്ള ജീവിതം മക്കൾക്കു വേണ്ടിയുള്ളതാണ്. അത് കഴിഞ്ഞ് സ്വയം ശ്രദ്ധിക്കാൻ തുടങ്ങും. ശേഷം എനിക്കിഷ്ടമുള്ളതൊക്കെ ഞാൻ ചെയ്യും, വേണ്ടെന്ന് പറയരുതെന്ന് മക്കളോട് ഞാൻ നേരത്തെ പറഞ്ഞതാണെന്നാണ് നടി നിഷ അഭിമുഖത്തിൽ പറയുന്നത്. ഇപ്പോൾ തനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതും പറയുന്നതും കേൾക്കാൻ ഒരു കൂട്ടുവേണമെന്ന് നടി വെളിപ്പെടുത്തി.


ഇപ്പോ ജിമ്മിൽ പോയി തുടങ്ങി. അങ്ങോട്ട് പോകാൻ വലിയ ഇഷ്ടമാണ്. ഞാൻ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്. കാരണം കുട്ടികൾ വളർന്നു കഴിഞ്ഞാൽ നമ്മൾ പറയുന്നത് അവർക്ക് ഇഷ്ടപ്പെടണമെന്നില്ല. നമ്മൾ ചിന്തിക്കുന്നത് അവരോട് പറഞ്ഞുകഴിഞ്ഞാൽ അതവർ അംഗീകരിക്കണമെന്നില്ല. അപ്പോൾ നമുക്ക് തോന്നും നമ്മൾ ചിന്തിക്കുന്നതും നമ്മൾ പറയുന്നതും കേൾക്കാൻ ഒരാൾ വേണമെന്ന്. ചിലപ്പോൾ വെറുതെയിരുന്ന് കരയാൻ തുടങ്ങും.
തിരക്കിട്ട ജീവിതമാണ്, എന്റെ ഇടവേളകളിൽ എനിക്കൊപ്പമുണ്ടാകാൻ ഒരു കൂട്ട് ആവശ്യമുണ്ട്. വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ മനസ്സ് അശാന്തമാകും. 50 വയസ്സാകുമ്പോൾ ഞാൻ എന്നെതന്നെ സന്തോഷവതിയാക്കി നിർത്തിയെങ്കിൽ മാത്രമേ എന്റെ ആരോഗ്യം പോലും സംരക്ഷിക്കാനാകൂ. അപ്പോൾ ഞാൻ എന്നെ നോക്കണമെന്നും നിഷ വ്യക്തമാക്കി.
‘അമ്മ വിവാഹം കഴിക്കാൻ ഒരുക്കമാണെങ്കിൽ അതിന് തടസ്സം നിൽക്കില്ല, അമ്മയെ നോക്കുന്ന ഒരാളായിരിക്കണം അതെന്ന നിബന്ധന മാത്രമേയുള്ളൂവെന്നാണ് മക്കൾ പറയുന്നത്. അമ്മ അധികം സംസാരിക്കില്ല. ടി.വി കാണില്ല. പ്രാർത്ഥനയാണ് എപ്പോഴും. അമ്മയെ സ്നേഹിക്കുന്ന, അമ്മയെ നോക്കുന്ന, പണവും പ്രശസ്തിയും പ്രതീക്ഷിക്കാത്ത ഒരാൾ വരികയാണെങ്കിൽ സ്വീകരിക്കും. അമ്മയ്ക്ക് ആളുകളെ മനസ്സിലാക്കാൻ അറിയില്ല. മണ്ടത്തരം ചെയ്യരുത് എന്ന് മാത്രമാണ് പറയാനുള്ളത്. കാരണം അമ്മ പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കും. അടുപ്പമുള്ളവർ എന്ത് കള്ളത്തരം ചെയ്താലും അമ്മ കണ്ടുപിടിക്കില്ല. എന്തായാലും അമ്മയുടെ പുതിയ ആഗ്രഹം നിറവേറട്ടെയന്നും’ അമ്മയോടൊപ്പം മകൾ വെളിപ്പെടുത്തി.

