റിയാദ്: റിയാദിലെത്തിയ വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദിയിലെ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അംബാസഡര്‍ അറിയിച്ചതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
വി.എഫ്.എസ്. സേവനങ്ങളിലെ കാലതാമസം, അവധിക്കാലങ്ങളിലെ ഉയര്‍ന്ന വിമാനനിരക്ക്, സൗദിയില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കേണ്ടതിന്റെ ആവശ്യകത എന്നിവ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. തൊഴില്‍ പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ക്ക് സമയബന്ധിതമായ സഹായം ലഭ്യമാക്കണമെന്നും റിയാദില്‍നിന്ന് അകലെയുള്ള പ്രദേശങ്ങളില്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നിരപരാധികളായ പ്രവാസികള്‍ നിയമപ്രശ്‌നങ്ങളില്‍ അകപ്പെടുമ്പോള്‍ അവര്‍ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കണമെന്ന ആവശ്യവും അംബാസഡര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അറിയിച്ചു.
സൗദിയയുടെ റിയാദ് തിരുവനന്തപുരം നേരിട്ടുള്ള വിമാനസര്‍വീസ് പുനരാരംഭിക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ പോയിന്റ് ഓഫ് കോള്‍ അനുമതി ലഭ്യമാക്കണമെന്നും അഭ്യര്‍ഥിച്ചു. സൗദിയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പലര്‍ക്കും സൗദിയ ടിക്കറ്റുകളാണ് ലഭിക്കുന്നതെന്നും നേരിട്ടുള്ള തിരുവനന്തപുരം സര്‍വീസ് ഇല്ലാത്തത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിശദീകരിച്ചു.
ഇന്ത്യയില്‍ ബി.ടെക് ബിരുദം നേടിയവര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ ‘എന്‍ജിനീയര്‍’ വിഭാഗത്തില്‍ രജിസ്‌ട്രേഷന്‍ നേടുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടും ചര്‍ച്ചയായി. ബി.ഇ., ബി.ടെക് യോഗ്യതകളുടെ തുല്യത വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. റിയാദില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഈ വിഷയങ്ങളില്‍ എംബസിയുടെ ഭാഗത്തുനിന്ന് സാധ്യമായ പിന്തുണ നല്‍കാമെന്നും ബന്ധപ്പെട്ട തലങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ഉന്നയിക്കാമെന്നും അംബാസഡര്‍ അറിയിച്ചതായി പ്രതിനിധികള്‍ പറഞ്ഞു.
കൂടിക്കാഴ്ചയില്‍ എംബസി കോണ്‍സുലര്‍ (കമ്മ്യൂണിറ്റി വെല്‍ഫെയര്‍) വൈ. സാബിര്‍, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, ഗ്ലോബല്‍ കമ്മിറ്റി അംഗം ഷിഹാബ് കോട്ടുകാട്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ എന്നിവരും പങ്കെടുത്തു.







