ജിദ്ദ- ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച 27-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യക്ക് വിജയത്തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്തിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ 73-ാം മിനിറ്റിൽ സൗദി ഫോർവേഡ് ഹമാം അൽ ഹമാമിയുടെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ കുവൈത്ത് ഡിഫൻഡർ യൂസഫ് അൽ ഹഖാൻ വഴങ്ങിയ സെൽഫ് ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്.
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും ആതിഥേയരായ സൗദി അറേബ്യ മികച്ച ആധിപത്യം പുലർത്തിയെങ്കിലും പ്രതിരോധത്തിലൂന്നി കളിച്ച കുവൈത്ത് അവരെ കടുത്ത രീതിയിൽ പ്രതിരോധിച്ചു.
വിജയത്തോടെ 3 പോയിന്റുമായി സൗദി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒമാനും ഇറാഖും 1-1 ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ഇന്ന് വൈകുന്നേരം 6.55ന് ജിദ്ദയിലെ അൽ ഇൻമ സ്റ്റേഡിയത്തിൽ യു.എ.ഇ യെമനെയും രാത്രി 10ന് ജിദ്ദ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഖത്തർ ബഹ്റൈനെയും നേരിടും.
