കോഴിക്കോട്: നാടകവേദിയിലും വെള്ളിത്തിരയിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രശസ്ത നടി സാവിത്രി ശ്രീധരൻ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ചികിത്സയിലായിരുന്നു.
അഞ്ചു പതിറ്റാണ്ടിലേറെ നാടകരംഗത്ത് സജീവമായിരുന്ന സാവിത്രി ശ്രീധരൻ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ചിത്രത്തിലെ ‘ജമീല’ എന്ന അമ്മ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റി. ഈ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
ഡാകിനി, വൈറസ്, മേരാ നാം ഷാജി, ഇട്ടിമാണി മേഡ് ഇൻ ചൈന, പട, വലിയങ്ങാടി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
വളയനാട് കലാസമിതിയുടെ ‘കറുത്ത വെളിച്ചം’ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടു പതിറ്റാണ്ട് അമച്വർ നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ച ശേഷം 1984-ൽ കെ.ടി. മുഹമ്മദിന്റെ കലിംഗ തിയേറ്റേഴ്സിന്റെ ‘ഇതു ഭൂമിയാണ്’ എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടകവേദിയിലെത്തി.
‘അണിയറ’ എന്ന നാടകത്തിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാദമിയുടെയും സംസ്ഥാന സർക്കാരിന്റെയും മികച്ച നാടക നടിക്കുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പരേതനായ ശ്രീധരനാണ് ഭർത്താവ്.







